ബേ ഓവല്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. 'ചാഹല്‍ ടീവി' എന്ന വ്ലോഗ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോള്‍ ടിക്‌ടോക്ക് ഡാന്‍സുമായി ആരാധകരെ കയ്യിലെടുക്കുകയാണ് ചാഹല്‍. 

ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവരാണ് വീഡിയോയില്‍ ചാഹലിനൊപ്പമുള്ളത്. എന്നാല്‍ വീഡിയോയില്‍ മുഖം മറച്ച ഒരാള്‍ കൂടിയുണ്ട്. ഈ നാലാമന്‍റെ മുഖം വ്യക്തമല്ല. വീഡിയോയിലെ നാലാമന്‍ ആരെന്ന് തിരയുകയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. ശരീരഭാഷ കണ്ട് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ് ഇതെന്ന് ചിലര്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന്‍റെ പേരുപറയുന്ന ആരാധകരുമേറെ. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ടീം. വെല്ലിംഗ്‌ടണ്‍ ടി20യും സൂപ്പര്‍ ഓവറില്‍ ജയിച്ചതോടെ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0ന് മുന്നിലെത്തിയിട്ടുണ്ട്. പവര്‍പ്ലേയിലെ 14 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച ബേ ഓവലില്‍ നടക്കും.