Asianet News MalayalamAsianet News Malayalam

SA v IND : ചാഹ‍ര്‍ വെടിക്കെട്ട് പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; പരമ്പര തൂത്തുവാരി പ്രോട്ടീസ്

അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം പ്രതീക്ഷ കാക്കും എന്ന് തോന്നിച്ചെങ്കിലും അധികം നീണ്ടില്ല

India Tour of South Africa 2021 22 SA whitewashed IND in Odi series by 3 0
Author
Cape Town, First Published Jan 23, 2022, 10:32 PM IST

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ (SA v IND ODI Series) ടീം ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി. മൂന്നാം ഏകദിനത്തില്‍ (South Africa vs India 3rd ODI) ദീപക് ചാഹര്‍ (Deepak Chahar) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടും ലക്ഷ്യം കാണാതായപ്പോള്‍ ഇന്ത്യ (Team India) നാല് റണ്‍സിന്‍റെ തോല്‍വി വഴങ്ങി. പ്രോട്ടീസിന്‍റെ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍റൗട്ടാവുകയായിരുന്നു. ഇതോടെ 3-0ന് പരമ്പര പ്രോട്ടീസ് തൂത്തുവാരി. നേരത്തെ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. 

ധവാന്‍-കോലി ഫിഫ്റ്റി

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. അഞ്ചാം ഓവറില്‍ 10 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് നില്‍ക്കേ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ മലന്‍റെ കൈകളിലെത്തി നായകന്‍ കെ എല്‍ രാഹുല്‍. ടീം സ്‌കോര്‍ 18 മാത്രമാണ് ഈ സമയം ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ അര്‍ധ സെഞ്ചുറിയുമായി ശിഖ‍ര്‍ ധവാനും മുന്‍ നായകന്‍ വിരാട് കോലിയും ഇന്ത്യയെ 19-ാം ഓവറില്‍ 100 കടത്തി.  

ഫെഹ്‌ലൂക്വായുടെ ഇരട്ട പ്രഹരം

ടീം സ്‌കോര്‍ 100 പിന്നിട്ടതിന് പിന്നാലെ ധവാനെ ഫെഹ്‌ലൂക്വായോ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 23-ാം ഓവറില്‍ വിക്കറ്റിന് പിന്നില്‍ ഡികോക്കിന്‍റെ കൈകളിലെത്തിച്ചു. 73 പന്തില്‍ 61 റണ്‍സായിരുന്നു ധവാന്‍റെ സമ്പാദ്യം. നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് ഫെഹ്‌ലൂക്വായോയുടെ ഇതേ ഓവറില്‍ ഗോള്‍ഡണ്‍ ഡക്കായി. തന്‍റെ സെഞ്ചുറി വരള്‍ച്ച മാറ്റാന്‍ ഒരിക്കല്‍ക്കൂടി കഴിയാതെ പോയ കോലി 84 പന്ത് നേരിട്ട് 65 റണ്‍സുമായി മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

കത്തിജ്വലിച്ച് ദീപക് ചാഹര്‍, പക്ഷേ

അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ സഖ്യം പ്രതീക്ഷ കാക്കും എന്ന് തോന്നിച്ചെങ്കിലും അധികം നീണ്ടില്ല. അയ്യര്‍ 34 പന്തില്‍ 26ഉം യാദവ് 32 പന്തില്‍ 39ഉം റണ്‍സെടുത്ത് കൂടാരം കയറി. ജയന്ത് യാദവിന്(2) പോരാടാനേ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യ 42.1 ഓവറില്‍ 223-7. എന്നാല്‍ അവിടുന്ന് ബുമ്രയെ സാക്ഷിയാക്കി വെടിക്കെട്ടുമായി കളി ഇന്ത്യയുടെ വരുതിയിലാക്കാന്‍ ശ്രമിച്ചു ദീപക് ചാഹര്‍. ദീപക് വിജയത്തിന് എട്ട് റണ്‍സ് അകലെ എന്‍ഗിഡിയുടെ പന്തില്‍ മടങ്ങി. ഏഴാമനായി ക്രീസിലെത്തിയ ചാഹര്‍ 34 പന്തില്‍ 54 റണ്‍സ് അടിച്ചു. പിന്നാലെ ബുമ്രയും(12), ചാഹലും (2) പുറത്തായതോടെ ഇന്ത്യ തോല്‍വി രുചിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ്

നേരത്തെ, ഓപ്പണ‍ര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 287 റണ്‍സ് നേടിയത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്‌ണ മൂന്നും ജസ്‌പ്രീത് ബുമ്രയും ദീപക് ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

തുടക്കം ഇന്ത്യയുടെ കയ്യില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ ടീം ഇന്ത്യ വിറപ്പിച്ചു. രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറിന്‍റെ സ്‌പെല്ലാണ് ആതിഥേയരെ പ്രതിസന്ധിയിലാക്കിയത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിന്‍റെ പന്തില്‍ ജനെമന്‍ മലാന്‍ (1) പുറത്ത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. അധികം വൈകാതെ തെംബ ബവൂമയും പവലിയനില്‍ മടങ്ങിയെത്തി. രാഹുലിന്റെ നേരിട്ടുള്ള ത്രോയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ചാഹറിന്‍റെ തന്നെ പന്തില്‍ റുതുരാജ് ഗെയ്കവാദിന് ക്യാച്ച് നല്‍കുകയായിരുന്നു. 

ഡികോക്ക് ഷോ! നാലാം വിക്കറ്റില്‍ 144 റണ്‍സ് കൂട്ടുകെട്ട്

എന്നാല്‍ അവിടുന്നങ്ങോട്ട് റാസി വാന്‍ ഡര്‍ ഡസ്സനെ കൂട്ടുപിടിച്ച് ഒരിക്കല്‍ക്കൂടി ടീം ഇന്ത്യയോടുള്ള തന്‍റെ റണ്‍ദാഹം തീര്‍ത്തു ക്വിന്‍റണ്‍ ഡികോക്ക്.  70-3 എന്ന നിലയില്‍ നിന്ന് 214-4 എന്ന തിരിച്ചുവരവിലേക്ക് ദക്ഷിണാഫ്രിക്കയെ കൈപിടിച്ചുയര്‍ത്തി ഡികോക്ക്- വാന്‍ ഡര്‍ ഡസ്സന്‍ സഖ്യം. 17-ാം ഏകദിന ശതകത്തിലെത്തിയ ഡികോക്ക് 130 പന്തില്‍ 124 റണ്‍സെടുത്താണ് മടങ്ങിയത്. ഡികോക്കിനെ ധവാന്‍റെ കൈകളിലെത്തിക്കുകയായിരുന്നു ബുമ്ര. വാന്‍ ഡര്‍ ഡസ്സന്‍ 52ഉം ആന്‍ഡിലെ ഫെഹ്‌ലൂക്വായോ നാലും റണ്‍സെടുത്ത് മടങ്ങിതോടെ 41 ഓവ‍ര്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രോട്ടീസ് 229-6. 

മില്ലര്‍ മിന്നലില്ല, ഇന്ത്യന്‍ തിരിച്ചുവരവ്

അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറിനെയും ഡ്വെയ്ന്‍ പ്രിട്ടോറ്യൂസിനേയും വലിയ കൂറ്റനടികള്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കാതിരുന്നത് 300 റണ്‍സ് കടക്കുന്നതില്‍ നിന്ന് പ്രോട്ടീസിനെ തടുത്തു. പ്രിട്ടോറ്യൂസ് 25 പന്തില്‍ 20 റണ്‍സെടുത്ത് പ്രസിദ്ധിന് അടിയറവ് പറഞ്ഞപ്പോള്‍ കേശവ് മഹാരാജ്(6) ബുമ്രക്ക് കീഴടങ്ങി. പ്രസിദ്ധ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തില്‍ മില്ലര്‍(38 പന്തില്‍ 39) കോലിയുടെ കൈകളിലെത്തി. അഞ്ചാം പന്തില്‍ സിസാന്‍ഡ് മഗാലയെയും(0) പ്രസിദ്ധ് മടക്കി. ലുങ്കി എന്‍ഗിഡി (0*) പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios