ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സംഘത്തില്‍ രാഹുല്‍ ദ്രാവിഡ് എത്തുന്നത് ഇതാദ്യമല്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗ് ഉപദേശകനായി ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു. 

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ നിശ്‌ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ‍് പരിശീലിപ്പിക്കും. ഇക്കാര്യം ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചു. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിയും ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും ടെസ്റ്റ് പരമ്പരയ്‌ക്കായി വിരാട് കോലിക്കും സംഘത്തിനുമൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് യുവ ടീമിനൊപ്പം ദ്രാവിഡിനെ ലങ്കയിലേക്ക് അയക്കുന്നത്. 

'ഇന്ത്യന്‍ പരിശീലക സംഘം ഇംഗ്ലണ്ടിലായിരിക്കും. ഇന്ത്യ എ ടീമിലെ മിക്ക താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി അയക്കുന്നത് ഗുണകരമാണ്. ദ്രാവിഡിനോട് യുവ താരങ്ങള്‍ക്കുള്ള അടുപ്പം അനുകൂല ഘടകമാണ്' എന്നും ബിസിസിഐ ഉന്നതന്‍ എഎന്‍ഐയോട് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സംഘത്തില്‍ രാഹുല്‍ ദ്രാവിഡ് എത്തുന്നത് ഇതാദ്യമല്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗ് ഉപദേശകനായി ദ്രാവിഡ് ടീമിനൊപ്പമുണ്ടായിരുന്നു. 

ഇന്ത്യന്‍ യുവതാരങ്ങളുമായി അടുത്ത ബന്ധമാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. 2019ല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാകുന്നതിന് മുമ്പ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പവും എ ടീമിനൊപ്പവും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ അണ്ടര്‍ 19, എ ടീമുകളുടെ ചുമതലയേറ്റെടുത്ത ദ്രാവിഡാണ് ഇന്ത്യന്‍ സീനിയര്‍ ടീമിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്ന മികച്ച ബഞ്ച് നിരയെ സമ്മാനിച്ചത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടില്‍ തുടരും. അതിനാലാണ് ശ്രീലങ്കയിലേക്ക് ഏകദിന, ടി20 പരമ്പരകള്‍ക്കായി യുവതാരങ്ങളെ ഉള്‍പ്പെടുത്തി ടീമിനെ ബിസിസിഐ അയക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പര്യടനത്തിലുള്ളത്. ജൂലൈ 13, 16, 19 തിയതികളില്‍ ഏകദിനവും 22 മുതല്‍ 27 വരെ ടി20യും നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് സാധ്യത. ഏകദിന-ടി20 സ്‌പെഷലിസ്റ്റുകളായ യുവതാരങ്ങളായിരിക്കും ടീമില്‍ പ്രധാനമായും ഇടംപിടിക്കുക. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാൽ വിരാട് കോലിക്ക് പുറമെ രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖര്‍ ശ്രീലങ്കന്‍ പര്യടനത്തിലുണ്ടാവില്ല. കോലിയുടെയും രോഹിത്തിന്‍റേയും അസാന്നിധ്യത്തില്‍ സീനിയര്‍ താരം ശിഖര്‍ ധവാന്‍ ലങ്കയില്‍ ടീമിനെ നയിച്ചേക്കും. 

ആദ്യ ഡേ നൈറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona