ഫിനിഷറായി റിങ്കു സിംഗ് കളിക്കുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാന്‍ഡി: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കാന്‍ഡിയില്‍ നടക്കും. ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റനും ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനുമായശേഷമുള്ള ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം സിംബാബ്‌വെക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ടി20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്‌വാദുമാണ് ടി20 ടീമിലിടം നഷ്ടമായവര്‍. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും തന്നെയാകും ഇറങ്ങുക. ലോകകപ്പിലേതുപോലെ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി റിഷഭ് പന്ത് കളിക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആകും നാലാം നമ്പറില്‍. ലോകകപ്പില്‍ വൈസ് ക്യപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും മധ്യനിരയില്‍ പേസ് ഓള്‍ റൗണ്ടറായി കളിക്കുക.
ഫിനിഷറായി റിങ്കു സിംഗ് കളിക്കുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയുടെ താരമായിരുന്നു സുന്ദര്‍. സ്പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയിക്കും പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടിയേക്കും.
പേസ് നിരയില്‍ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള മുഹമ്മദ് സിറാജും ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദ്ദീപ് സിംഗും ഇടം നേടുമ്പോള്‍ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്,മുഹ്ഹമദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
