Asianet News MalayalamAsianet News Malayalam

India's tour to South Africa : ഒമിക്രോണ്‍ ഭീഷണി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടി

ഒമിക്രോണ്‍ (Omicron) വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI  AGM) തീരുമാനിക്കുകയായിരുന്നു.

India tour to South Africa postponed says bcci secretary
Author
Kolkata, First Published Dec 4, 2021, 12:46 PM IST

കൊല്‍ക്കത്ത: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's tour to South Africa) നീട്ടിവച്ചു. ഒമിക്രോണ്‍ (Omicron) വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI  AGM) തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് പരമ്പര നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പര്യടനം വൈകിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

പരമ്പരയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബിസിസിഐ ആശയവിനിമയം നടത്തിയിരുന്നു. മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. നേരത്തെ, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നീട്ടിവച്ചിരുന്നു.

ഒമിക്രോണ്‍ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios