ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 234 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. 62 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വിയും ദിവ്യാന്‍ഷ് സക്സേനയും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇന്ത്യ പിന്നീട് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. സക്സേനയെ(14) കോറി കെല്ലി പുറത്താക്കിയതിന് പിന്നാലെ തിലക് വര്‍മയെ മര്‍ഫി വീഴ്ത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനും(5) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 54/3 ലേക്ക് തകര്‍ന്ന ഇന്ത്യയെ ജയ്‌സ്വാളും ധ്രുവ് ജുറേലും(15) ചേര്‍ന്ന് 100 കടത്തി. എന്നാല്‍ ജയ്‌സ്വാളിനെ(62) സംഗയും ജുറേലിനെ(15) മര്‍ഫിയും വീഴ്ത്തിയതോടെ ഇന്ത്യ 114/5ലേക്ക് കൂപ്പുകുത്തി.

എന്നാല്‍ സിദ്ദേശ് വീറും(25) അഥര്‍വ അങ്കലോക്കറും(55 നോട്ടൗട്ട്), രവി ബിഷ്ണോയിയും(30) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 54 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്ന അങ്കലോക്കറുടെ ബാറ്റിംഗാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഓസീസിനായി കോറി കെല്ലിയും ടോഡ് മര്‍ഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.