ശ്രീലങ്കയ്‌ക്കെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ ബംഗ്ലാദേശും മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ അണ്ടര്‍ 19: ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, ആന്ദ്രേ സിദ്ധാര്‍ഥ് സി, മുഹമ്മദ് അമന്‍ (ക്യാപ്റ്റന്‍), കെ പി കാര്‍ത്തികേയ, നിഖില്‍ കുമാര്‍, ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), കിരണ്‍ ചോര്‍മലെ, ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ, യുധാജിത് ഗുഹ.
ബംഗ്ലാദേശ് അണ്ടര്‍ 19: സവാദ് അബ്രാര്‍, കലാം സിദ്ദിഖി അലീന്‍, മുഹമ്മദ് അസീസുല്‍ ഹക്കിം തമീം (ക്യാപ്റ്റന്‍), മുഹമ്മദ് ഷിഹാബ് ജെയിംസ്, മുഹമ്മദ് ഫരീദ് ഹസന്‍ ഫൈസല്‍ (വിക്കറ്റ് കീപ്പര്‍), ദേബാശിഷ് സര്‍ക്കാര്‍ ദേബ, മുഹമ്മദ് സമിയൂന്‍ ബാസിര്‍ റതുല്‍, മറൂഫ് മൃദ, മുഹമ്മദ് റിസാന്‍ ഹോസന്‍ അല്‍ ഫഹദ്, ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍.
ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആയുഷ് മാത്രെ 34 റണ്‍സെടുത്തപ്പോള്‍ ആന്ദ്രെ സിദ്ധാര്‍ത്ഥ് 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ റണ്‍സോടെയും കെ പി കാര്‍ത്തികേയയും പുറത്താകാതെ നിന്നു.
ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചു. ഏഴ് വിക്കറ്റിന് തന്നെയായിരുന്നു ബംഗ്ലാദേശിന്റേയും ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍ നാല് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 22.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഹമ്മദ് അസീസുള്‍ (പുറത്താവാതെ 61) ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

