എന്തായാലും രാഹുലിന്റെ പ്രകടനം ഋഷഭ് പന്തിനുള്ള മുന്നറിയിപ്പാണെന്ന ആരാധകരുടെ വിലയിരുത്തലിനിടെ പന്തിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരം ശിഖര്‍ ധവാന്‍.

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് വിക്കറ്റിന് മുന്നിലും പിന്നിലും കെ എല്‍ രാഹുല്‍ നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു. ബാറ്റിംഗില്‍ 52 പന്തില്‍ 80 റണ്‍സടിച്ച രാഹുല്‍ കീപ്പറായി ഇറങ്ങിയപ്പോള്‍ മിന്നല്‍ സ്റ്റംപിംഗും ക്യാച്ചുകളും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.

എന്തായാലും രാഹുലിന്റെ പ്രകടനം ഋഷഭ് പന്തിനുള്ള മുന്നറിയിപ്പാണെന്ന ആരാധകരുടെ വിലയിരുത്തലിനിടെ പന്തിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരം ശിഖര്‍ ധവാന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ രാഹുലിന്റെ കീപ്പിംഗ് കണ്ട് വിചാരിച്ചതിലും നേരത്തെ പരിക്ക് മാറി ഋഷഭ് പന്ത് ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് ധവാന്‍ മത്സരശേഷം പറഞ്ഞു. ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ തലയിലിടിച്ചാണ് ഋഷഭ് പന്തിന് പരിക്കേറ്റത്.

Scroll to load tweet…

മത്സരശേഷം രാഹുലും ധവാനും ചാഹല്‍ ടിവിയോട് സംസാരിക്കവെയായിരുന്നു പന്തിനുള്ള ട്രോള്‍. താങ്കളുടെ കീപ്പിംഗ് കണ്ടാല്‍ പന്ത് പറയാന്‍ സാധ്യതയുണ്ട്, എന്റെ പരിക്കെല്ലാം മാറി, ഞാന്‍ കളിക്കാന്‍ തയാറാണെന്ന് എന്നായിരുന്നു രാഹുലിനോട് ധവാന്റെ കമന്റ്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ധോണി സ്റ്റൈലില്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ രാഹുല്‍ പുറത്താക്കിയത് വിക്കറ്റ് കീപ്പിംഗില്‍ രാഹുലിനുള്ള മികവിന്റെ അടയാളമായി.