ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ രോഹിത് റണ്ണെടുക്കാതെ പുറത്താവുന്നത് ഇതാദ്യമായാണ്.
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റണ്ണെടുക്കും മുമ്പെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഓവറിലെ അവസാന പന്തില്‍ തേര്‍ഡ് മാന് മുകളിലൂടെ പറത്താനുള്ള രോഹിത്തിന്റെ ശ്രമം ആദം സാംപയുടെ കൈകളില്‍ അവസാനിച്ചു. പാറ്റ് കമിന്‍സിനാണ് വിക്കറ്റ്.
ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ രോഹിത് റണ്ണെടുക്കാതെ പുറത്താവുന്നത് ഇതാദ്യമായാണ്. ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിലം ഇറങ്ങിയത്. ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ധവാനിലും രോഹിത്തിലും തന്നെ ടീം മാനേജ്മെന്റ് വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ആദ്യ മത്സരം തോറ്റ ടീമില്‍ ഓസീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷോണ്‍ മാര്‍ഷും നേഥന്‍ ലിയോണും ടീമിലെത്തിയപ്പോള്‍ ടര്‍ണറും ബെഹന്‍റോഫും പുറത്തായി.
