രാജ്കോട്ട്: ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. എന്നാല്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് മുന്നിലെത്തിയപ്പോള്‍ കോലിക്ക് ഇത്തവണയും പിഴച്ചു. രാജ്കോട്ടില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആദം സാംപയപടെ സ്പിന്നിന് മുന്നിലാണ് കോലിക്ക് വീണത്. ആദ്യ മത്സരത്തില്‍ സാംപയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയ കോലി ഇത്തവണ കരുതലോടെയാണ് കളിച്ചത്.

എന്നാല്‍ 44-ാം ഓവറില്‍ സാംപയെ സിക്സറിന് പറത്താനുള്ള ശ്രമം ബൗണ്ടറിയില്‍ ആഷ്ടണ്‍ ആഗറും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് കൈയിലൊതുക്കി. 76 പന്തില്‍ 78 റണ്‍സായിരുന്നു കോലിയുടെ നേട്ടം. അവസാന ഓവറുകളില്‍ കോലി ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ 350ന് മുകളില്‍ സ്കോര്‍ അനായാസം സ്വന്തമാക്കാനാവുമായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലിയെ വീഴ്ത്തിയതോടെ ഏകദിനങ്ങളില്‍ ഇന്ത്യന്‍ നായകനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ സ്പിന്നര്‍ എന്ന നേട്ടവും സാംപ സ്വന്തമാക്കി.

കോലിയെ നാലു തവണ പുറത്താക്കിയിട്ടുശള്ള ശ്രീലങ്കയുടെ സൂരജ് രണ്‍ദീവിനൊപ്പമായിരുന്നു ഇതുവരെ സാംപ. ടി20യിലും രണ്ട് തവണ സാംപ കോലിയെ വീഴ്ത്തിയിട്ടുണ്ട്. ഏകദിനങ്ങളില്‍ കോലിയെ ആറ് തവണ വീഴ്ത്തിയ രവി രാംപോള്‍ മാത്രമാണ് ഇനി സാംപക്ക് മുന്നിലുള്ളത്.

ടെസ്റ്റിലും ഏകദിനത്തിലുമായി കോലിയെ എട്ട് തവണ പുറത്താക്കിയിട്ടുള്ളത് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണും ഗ്രെയിം സ്വാനുമാണ്. ആദം സാംപയ്ക്കൊപ്പം ശ്രീലങ്കയുടെ തിസാര പേരേര, ന്യൂസിലന്‍ഡിന്റെ ടിം സൗത്തി എന്നിവരും കോലിയെ ഏകദിനങ്ങളില്‍ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്.