Asianet News MalayalamAsianet News Malayalam

ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, ഒന്നാം ഇന്നിംഗ്സ് ലീഡ്; രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി പൃഥ്വി ഷാ

നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് നേരത്തെ ഓസീസിനെ രണ്ടാം ദിനം എറിഞ്ഞിട്ടത്. ഒരുഘട്ടത്തില്‍ 111/7ലേക്ക് കൂപ്പുകുത്തിയ ഓസീസ് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ ടിം പെയ്നിന്‍റെ ഒറ്റയാള്‍ പോരാട്ടം ഓസീസിന് ആശ്വാസമായി.

India vs Australia Adelaide Test Day 2 Live Updates, India lost early wicket in econd innings
Author
Adelaide SA, First Published Dec 18, 2020, 5:10 PM IST

അഡ്‌ലെയ്ഡ്: ഓഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244 റണ്‍സിന് മറുപടിയായി ഓസീസിനെ 191 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 53 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സോടെ മായങ്ക് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്‌മാന്‍ ജസ്പ്രീത് ബുമ്രയും ക്രീസില്‍. നാലു പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷാ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ബൗള്‍ഡായി പുറത്തായി. പാറ്റ് കമിന്‍സിനാണ് വിക്കറ്റ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 62 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. സ്കോര്‍ ഇന്ത്യ 244, 9/1, ഓസ്ട്രേലിയ 191.

കറക്കി വീഴ്ത്തി അശ്വിന്‍, എറിഞ്ഞിട്ട് ഉമേഷ്; വേദനിപ്പിച്ച് പെയ്ന്‍

India vs Australia Adelaide Test Day 2 Live Updates, India lost early wicket in econd innings

നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് നേരത്തെ ഓസീസിനെ രണ്ടാം ദിനം എറിഞ്ഞിട്ടത്. ഒരുഘട്ടത്തില്‍ 111/7ലേക്ക് കൂപ്പുകുത്തിയ ഓസീസ് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ ടിം പെയ്നിന്‍റെ ഒറ്റയാള്‍ പോരാട്ടം ഓസീസിന് ആശ്വാസമായി. ഏഴാമനായി ക്രീസിലെത്തിയ പെയ്ന്‍ 99 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന മൂന്ന് വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തലയറുത്താലും വാലരിയാനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ കഴിവുകേട് ഓസീസ് വാലറ്റം ഒരിക്കല്‍ കൂടി തുറന്നുകാട്ടി. ഇന്ത്യന്‍ വാലറ്റം അവസാന മൂന്ന് വിക്കറ്റില്‍ 11 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഓസീസിന്‍റെ അവസാന മൂന്നുപേരെ കൂട്ടുപിടിച്ച് ടിം പെയ്ന്‍ 80 റണ്‍സടിച്ചത്.

ബും ബും ബുമ്ര

ഉമേഷ് യാദവാണ് ഇന്ത്യക്കായി ന്യൂബോള്‍ എടുത്തത്. പിന്നാലെ ഷമിയും ബുമ്രയും ആക്രമണത്തിന് കൂട്ടെത്തിയതോടെ ഓപ്പണര്‍മാരായ മാത്യൂ വെയ്ഡും ജോ ബേണ്‍സും വലഞ്ഞു. അഞ്ചാം ഓവറിലാണ് ഓസീസ് അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ ഈ അമിത പ്രതിരോധം 15-ാം ഓവറിലെ ആദ്യ പന്തില്‍ ബുമ്ര പൊളിച്ചു. 51 പന്ത് നേരിട്ട് എട്ട് റണ്‍സെടുത്ത വെയ്‌ഡ് എല്‍ബി. 17-ാം ഓവറിലെ അവസാന പന്തില്‍ ബുമ്ര വീണ്ടും താരമായി. 41 പന്തില്‍ എട്ട് റണ്‍സുമായി ബേണ്‍സും എല്‍ബിയില്‍ പുറത്ത്. ഇതോടെ ഓസീസ് ഓപ്പണര്‍മാരുടെ പ്രതിരോധത്തിന് അന്ത്യം.

India vs Australia Adelaide Test Day 2 Live Updates, India lost early wicket in econd innings

ക്രീസിലൊന്നിച്ചത് വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട സ്റ്റീവ് സ്‌മിത്ത്-മാര്‍നസ് ലബുഷെയ്‌ന്‍ സഖ്യം. ഇതിനിടെ ഫീല്‍ഡിംഗിലെ പിഴവുകള്‍ ഇന്ത്യക്ക് ആശങ്ക കൂട്ടി. ഓസീസ് ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ ബുമ്രയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ എഡ്ജ് അവസരം സാഹയ്‌ക്ക് മുതലാക്കാനായില്ല. 18-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയില്‍ ലബുഷെയ്‌നെ ബുമ്ര നിലത്തിട്ടു. ബുമ്ര എറിഞ്ഞ 23-ാം ഓവറില്‍ പൃഥ്വി ഷായും ക്യാച്ച് പാഴാക്കി. ബുമ്ര എറിഞ്ഞ 23-ാം ഓവറില്‍ സ്‌മിത്തിന്‍റെ ബാറ്റിലുരസി സ്ലിപ്പിലെത്തിയ പന്തും ഇന്ത്യന്‍ കൈകളില്‍ ചോര്‍ന്നു.   

കളി മാറ്റിമറിച്ച് അശ്വിന്‍

എന്നാല്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ആദ്യമായി പന്തെടുത്തപ്പോള്‍ സ്‌മിത്തിന്‍റെ പ്രതിരോധം പാളി. 27-ാം ഓവറിലെ ആദ്യ പന്തില്‍ സ്‌മിത്ത് ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ സുരക്ഷിത കരങ്ങളില്‍ ഭദ്രം. 29 പന്ത് നേരിട്ട സ്‌മിത്തിന്‍റെ പേരില്‍ ഒരു റണ്‍ മാത്രം. പിന്നാലെയെത്തിയ ട്രാവിസ് ഹെഡിനും അശ്വിന്‍റെ മറുപടി. ഏഴ് റണ്‍സില്‍ നില്‍ക്കേ റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. വിസ്‌മയ താരമെന്ന വിശേഷണവുമായെത്തിയ അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീനിനും ഒന്നും ചെയ്യാനായില്ല. 24 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ അശ്വിന്‍റെ പന്തില്‍ കോലി പറക്കും ക്യാച്ചില്‍ മടക്കി. ഇതോടെ ഓസീസ് 40.3 ഓവറില്‍ 79-5.

ഉമേഷിന്‍റെ ഇരട്ടപ്രഹരം

ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ക്രീസില്‍ നിന്ന ലാബുഷെയ്നെ ഒടുവില്‍ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയും പാറ്റ് കമിന്‍സിനെ(0) ഉമേഷ് തന്നെ ബൗണ്‍സറില്‍ വീഴ്ത്തുകയും ചെയ്തതോടെ ഓസീസ് 111/7ലേക്ക് കൂപ്പുകുത്തി. വാലറ്റത്ത് ബാറ്റിംഗില്‍ തിളങ്ങാറുളള മിച്ചല്‍ സ്റ്റാര്‍ക്ക്(15) റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ 100 റണ്‍സിലേറെ ലീഡ് സ്വപ്നം കണ്ടു. എന്നാല്‍ പെയ്ന്‍ നഥാന്‍ ലിയോണിനെയും ഹേസല്‍വുഡിനെയും കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ഓസീസിനെ 191ല്‍ എത്തിച്ചു.

തല പോയിടത്ത് വാല് പൊക്കാതെ ഇന്ത്യന്‍ വാലറ്റം; അവസാന നാലു വിക്കറ്റ് 11 റണ്‍സിനിടെ

ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ഇന്ത്യ 244ല്‍ ഔള്‍ഔട്ടായി. സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നത്തെ മൂന്നാം പന്തില്‍ തന്നെ അശ്വിനെ(15) മടക്കി കമ്മിന്‍സ് തുടങ്ങി. വിക്കറ്റിന് പിന്നില്‍ പെയ്‌ന് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആഞ്ഞടിച്ചു. മൂന്നാം പന്തില്‍ സാഹ(9) പെയ്ന്‍റെ കൈകളില്‍ അവസാനിച്ചു. തലേന്നത്തെ സ്‌കോറിനോട് ഇരുവര്‍ക്കും ഒരു റണ്‍പോലും അധികം ചേര്‍ക്കാനായില്ല.

സ്റ്റാര്‍ക്ക് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ഉമേഷ് യാദവ്(6) വെയ്‌ഡിന്‍റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 94-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമിയെ പൂജ്യത്തില്‍ മടക്കി കമ്മിന്‍സ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഹെഡിനായിരുന്നു ക്യാച്ച്. നാല് റണ്‍സുമായി ജസ്‌പ്രീത് ബുമ്ര പുറത്താകാതെ നിന്നു. രണ്ടാംദിനം 11 റണ്‍സിനിടെ നാല് വിക്കറ്റും വലിച്ചെറിയുകയായിരുന്നു ഇന്ത്യ. വെറും 23 മിനുറ്റ് മാത്രമാണ് രണ്ടാംദിനം ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്.

ഇന്ത്യന്‍ കിംഗ് കോലി തന്നെ

പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17), ചേതേശ്വര്‍ പൂജാര(43), വിരാട് കോലി(74), അജിങ്ക്യ രഹാനെ(42), ഹനുമ വിഹാരി(16) എന്നിവരെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് 48 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റും സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios