ഇതിന് മുമ്പ് രണ്ട് ടെസ്റ്റുകള്‍ക്ക് മാത്രമെ ഇന്‍ഡോര്‍ വേദിയായിട്ടുള്ളു. ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനും എതിരായ ടെസ്റ്റുകളായിരുന്നു അത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 321 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്നിംഗ്സിനും 150 റണ്‍സിനും ജയിച്ചു.
മുംബൈ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധരംശാലയില്‍ നിന്ന് മാറ്റി ബിസിസിഐ. ഇന്‍ഡോറായിരിക്കും മൂന്നാം ടെസ്റ്റിന് വേദിയാവുകയെന്ന് ബിസിസിഐ അറിയിച്ചു. മാര്‍ച്ച് ഒന്നു മുതലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. നേരത്തെ വേദിയായി നിശ്ചയിച്ച ധരംശാലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണ് വേദിമാറ്റം. മഴ കാരണം വലിയ നാശമുണ്ടായ ധരംശാല സ്റ്റേഡിയത്തില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുന്ന മാര്‍ച്ച് ഒന്നിന് മുമ്പ് നവീകരണ ജോലികള്‍ പൂര്‍ത്തിയാവില്ലെന്ന് വ്യക്തമായതോടെയാണ് വേദിമാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.
ധരംശാലയിലെ ഔട്ട്ഫീല്‍ഡ് രാജ്യാന്തര മത്സരങ്ങള്‍ക്ക് യോഗ്യമാകാന്‍ ഒരു മാസം കൂടി വേണ്ടിവരും. നവീകരണത്തിനുശേഷം ആഭ്യന്തര മത്സരങ്ങള്‍ നടത്തി പരിശോധന നടത്താതെ രാജ്യാന്തര മത്സരം നടത്തുന്നത് ഉചിതമാകില്ലെന്നത് കൂടി കണക്കിലെടുത്താണ് ബിസിസിഐ തീരുമാനം. 2016-17 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒരു മത്സരം ധരംശാലയില്‍ നടന്നിരുന്നു. അന്ന് നാല് ദിവസം കൊണ്ട് വിജയിച്ച് ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി.
ഇതിന് മുമ്പ് രണ്ട് ടെസ്റ്റുകള്‍ക്ക് മാത്രമെ ഇന്‍ഡോര്‍ വേദിയായിട്ടുള്ളു. ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനും എതിരായ ടെസ്റ്റുകളായിരുന്നു അത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 321 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇന്നിംഗ്സിനും 150 റണ്‍സിനും ജയിച്ചു.
നാഗ്‌പൂരിലെ ആദ്യ മത്സരം ജയിച്ച രോഹിത് ശര്‍മ്മയും സംഘവും നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിന് 17 മുതല്‍ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദിയാവുന്നത്. 17ന് ദില്ലിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. നാലാം ടെസ്റ്റിന് അഹമ്മദാബാദുമാണ് വേദിയാവുന്നത്. വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ബിസിസിഐ ആരംഭിച്ചിരുന്നില്ല.
