മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യയുടെ മുന്നൊരുക്കം തുടങ്ങി. ആദ്യ ടെസ്റ്റിൽ വൻതോൽവി നേരിട്ട ഇന്ത്യൻ ടീമിൽ കാതലായ മാറ്റങ്ങളുണ്ടാവും. ശനിയാഴ്ച മെൽബണിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക.

ബാറ്റ്സ്മാൻമാർ കളിമറന്നപ്പോൾ അഡലെയ്ഡിലെ ഡേനൈറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗിൽ , മായങ്ക് അഗർവാളിനൊപ്പം ഓപ്പണറായേക്കും. ശുഭ്മാൻ ഗില്ലും കെ എൽ രാഹുലും ഏറെ നേരം നെറ്റ്സിൽ പരിശീലനം നടത്തി.

മായങ്കിനൊപ്പം രാഹുലിനെ ഓപ്പണറാക്കണമെന്നും ഗില്ലിനെ മധ്യനിരയിൽ കളിപ്പിക്കണമെന്നുമാണ് മുൻതാരം സുനിൽ ഗാവസ്കറുടെ നിർദേശം. ഓസ്ട്രേലിയ എയ്ക്കെതിരായ സന്നാഹമത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തി ഗിൽ ആദ്യ ഇന്നിംഗ്സിൽ 43ഉം രണ്ടാം ഇന്നിംഗ്സിൽ 65ഉം റൺസെടുത്തിരുന്നു. ട്വന്‍റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയും നെറ്റ്സിൽ പരിശീലനം പുനരാരംഭിച്ചു. ജഡേജ ഒരു മണിക്കൂറിലേറെ നേരം നെറ്റ്സിൽ പന്തെറിഞ്ഞു.

വൃദ്ധിമാൻ സാഹയ്ക്ക് മുൻപ് റിഷഭ് പന്ത് ബാറ്റിംഗ് പരിശീലനത്തിനത്തിന് ഇറങ്ങിയതും ശ്രദ്ധേയമായി. ബാറ്റിംഗ് നിരയുടെ കരുത്തുകൂട്ടാൻ സാഹയ്ക്ക് പകരം പന്തിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കോച്ച് രവി ശാസ്ത്രിയുടെ മേൽനോട്ടത്തിലായിരുന്നു ഇന്ത്യയുടെ പരിശീലനം.

പരുക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജിനോ നവദീപ് സെയ്നിക്കോ അവസരം കിട്ടും. നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെയാവും പരമ്പരയിലെ ശേഷിച്ച മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കുക.