സിഡ്‌നി: പരുക്കേറ്റ ഷോൺ ആബട്ടിന് പകരം ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി. പേശിവലിവിനെ തുടർന്നാണ് ആബട്ട് പിൻമാറിയത്. ജനുവരി 14ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ബാറ്റിംഗ് കൂടി പരിഗണിച്ചാണ് ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

ആരോൺ ഫിഞ്ചാണ് ക്യാപ്റ്റൻ. പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവർ ടീമിലുണ്ട്. അതേസമയം വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസും ഓസീസ് ടീമിലില്ല. ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന മാര്‍നസ് ലാബുഷെയ്ൻ ആദ്യമായി ഏകദിന ടീമിലെത്തി എന്നതും ശ്രദ്ധേയമാണ്. 

ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, ഡാർസി ഷോർട്ട്, ആഷ്‌ടണ്‍ ആഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്‌മിത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.