സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെക്കൂടി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. പാണ്ഡ്യയെപ്പോലുള്ള കളിക്കാര്‍ക്ക് ടീമിന് മുഴുവന്‍ ഊര്‍ജ്ജം നല്‍കാനാവുമെന്നും വോണ്‍ പറ‍ഞ്ഞു.

ഇന്ത്യന്‍ ടീം ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണം. കാരണം പാണ്ഡ്യയെപ്പോലുള്ള കളിക്കാര്‍ക്ക് ടീമംഗങ്ങളില്‍ മുഴുവന്‍ ഊര്‍ജ്ജം നിറക്കാനു. ക്രിക്കറ്റിന് ഹാര്‍ദ്ദിക്കിനെപ്പോലുള്ള സൂപ്പര്‍താരങ്ങളെ ആവശ്യമുണ്ട് എന്നായിരുന്നു വോണിന്‍റെ ട്വീറ്റ്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഇന്ത്യയുടെ ടോപ് സ്കോററായത് പാണ്ഡ്യയായിരുന്നു. ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ത്യ ജയിച്ചതും പാണ്ഡ്യയുടെ ബാറ്റിംഗ് മികവിലായിരുന്നു. ഏകദിന-ടി20 പരമ്പരയില്‍ പാണ്ഡ്യ കാര്യമായി ബൗള്‍ ചെയ്തിരുന്നില്ല.

പുറത്തെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായശേഷം പാണ്ഡ്യ അധികം പന്തെറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. നിലവിലെ ഫോം കണക്കിലെടുത്ത് പാണ്ഡ്യയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ആവശ്യപ്പെട്ടിരുന്നു.