രണ്ടാം ദിനം തുടക്കത്തില്‍ കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇതിനിടെ പാറ്റ് കമിന്‍സിനെ രോഹിത്തും ലിയോണിനെ അശ്വിനും സിക്സിന് പറത്തി.

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ബാറ്റ് വീശി ഇന്ത്യ. 77-1 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഇന്ത്യക്ക് 26 റണ്‍സ് കൂടി മതി. 85 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 12 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. ആര്‍ അശ്വിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഓസീസിനായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോഡ് മര്‍ഫിയായിരുന്നു.

കരുതലോടെ തുടങ്ങി

രണ്ടാം ദിനം തുടക്കത്തില്‍ കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇതിനിടെ പാറ്റ് കമിന്‍സിനെ രോഹിത്തും ലിയോണിനെ അശ്വിനും സിക്സിന് പറത്തി. സ്കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും അടിച്ച അശ്വിന്‍ 23 റണ്‍സടിച്ചാണ് പുറത്തായത്.

രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാണിച്ചോ? കുത്തിത്തിരിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്

Scroll to load tweet…

പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പൂജാരക്ക് പിഴച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ബൊളാണ്ട് കൈയിലൊതുക്കി. 14 പന്തില്‍ ഏഴ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദ്യ റണ്ണെടുക്കാന്‍ സമയമെടുത്തെങ്കിലും ടോഡ് മര്‍ഫിയെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. ഇതിനിടെ സിംഗിളെടുക്കാനുള്ള ശ്രമത്തില്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ രോഹിത് റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

ഓസീസിനായി എട്ടോവറില്‍ 41 റണ്‍സ് വഴങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നിരാശപ്പെടുത്തിയപ്പോള്‍ ഒമ്പതോവറില്‍ നാല് മെയ്ഡിന്‍ അടക്കം ഏഴ് റണ്‍സ് മാത്രം വഴങ്ങിയ സ്കോട് ബൊളാണ്ട് മികവ് കാട്ടി. സ്പിന്‍ പിച്ചില്‍ 20 ഓവര്‍ എറിഞ്ഞ നേഥന്‍ ലിയോണിന് വിക്കറ്റെൊന്നും നേടാനായില്ല. 15 ഓവറില്‍ 35 റണ്‍സിനാണ് മര്‍ഫി മൂന്ന് വിക്കറ്റെടുത്തത്.