മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ചരിത്രജയം കുറിച്ച് പരമ്പരയില്‍ ഒപ്പമെത്തിയ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെയും അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ ബിഷന്‍ സിംഗ് ബേദി. ആദ്യ ടെസ്റ്റില്‍ തോറ്റപ്പോള്‍ ഓസ്ട്രേലിയ പരമ്പര തൂത്തുവാരുമെന്ന് പറഞ്ഞവരുണ്ടെന്നും മെല്‍ബണിലെ ഇന്ത്യന്‍ ജയത്തോടെ അവരുടെയെല്ലാം വായടഞ്ഞുവെന്നും ബേദി പറഞ്ഞു.

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഭാഗത്തും ചില പോരായ്മകളുണ്ടായിരുന്നെങ്കിലും അവസാനം എല്ലാം നല്ലരീതിയില്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ ബാറ്റിംഗ് വെറും ശരാശരിയോ ദുര്‍ബലമോ ആണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാം പരമ്പര ജയിക്കാനുള്ള അവസരമാണ് ഇന്ത്യക്കിതെന്നും ബേദി വ്യക്തമാക്കി.

അഡ്‌ലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായത് അവിശ്വസനീയമായിരുന്നെങ്കിലും മെല്‍ബണിലെ എട്ടു വിക്കറ്റ് ജയം അതുപോലെയല്ലെന്നും ബേദി പറഞ്ഞു. പക്ഷെ മെല്‍ബണിലെ ജയത്തോടെ അമിത ആത്മവിശ്വാസവുമായി മുന്നോട്ട് പോവരുതെന്നും രണ്ട് ടെസ്റ്റുകള്‍ കൂടി ഇനിയും ബാക്കിയുണ്ടെന്ന കാര്യം മറക്കാതെ ക്യാപ്റ്റനെപ്പോലെ ശാന്തതയോടെ അതിനെ നേരിടാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും ബേദി വ്യക്തമാക്കി.