ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തിന് ഞായറാഴ്ച ഇന്ത്യ ഇറങ്ങുമ്പോള്‍ ആശങ്കപ്പെടുത്തുന്നത് മുന്‍നിര താരങ്ങളുടെ പരിക്ക്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാം മത്സരത്തിനുണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരും കളിച്ചില്ലെങ്കില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. കളി തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ജീവന്‍മരണപോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

പരിക്ക് മാറിയാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. രോഹിത്തിനോ ധവാനോ ആരെങ്കിലും ഒരാള്‍ക്ക് കളിക്കാനായില്ലെങ്കില്‍ കെ എല്‍ രാഹുല്‍ വീണ്ടും ഓപ്പണറായി എത്തും. ഇരുവരും പരിക്കേറ്റ് പുറത്തിരുന്നാല്‍ രാഹുലിനൊപ്പം വിരാട് കോലി ഓപ്പണറായി എത്താനുള്ള സാധ്യതയുണ്ട്.

രാഹുല്‍ ഓപ്പണറായാലും ഇല്ലെങ്കിലും വണ്‍ ഡൗണില്‍ കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. രോഹിത്തോ ധവാനോ പുറത്തിരുന്നാല്‍ മാത്രം ആറാം നമ്പറില്‍ കേദാര്‍ ജാദവിന് അവസരം ഒരുങ്ങും. ഏഴാമനായി രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ ബൗളര്‍മാരായി കുല്‍ദീപ് യാദവും നവദീപ് സെയ്നിലും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും തന്നെ കളിക്കും.

ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തില്‍   മത്സര ദിവസമായ ഞായറാഴ്ച മാത്രമെ അന്തിമ തീരുമാനമെടുക്കൂ എന്ന്  ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.