അംബാട്ടി റായിഡുവിന് നാലാം നമ്പറില്‍ വീണ്ടും അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. റായിഡുവിനെ മാറ്റിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്.

റാഞ്ചി‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടാനുറച്ച് മൂന്നാം മത്സരത്തിന് നാളെ റാഞ്ചിയില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. നാഗ്പൂര്‍ ഏകദിനത്തില്‍ എട്ട് റണ്‍സ് ജയം നേടിയെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കും.

ഓപ്പണിംഗിലാണ് ആദ്യ മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ഏകദിനത്തിലും ഫോമിലേക്ക് ഉയരാത്ത ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ഓപ്പണറായി എത്താല്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയും വലിയ സ്കോര്‍ നേടിയിട്ട് കുറച്ചു മത്സരങ്ങളായെങ്കിലും രോഹിത്ത് ഓപ്പണിംഗില്‍ തുടരാനാണ് സാധ്യത.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ അംബാട്ടി റായിഡുവിന് നാലാം നമ്പറില്‍ വീണ്ടും അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. റായിഡുവിനെ മാറ്റിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ലോകകപ്പിന് മുന്നോടിയായി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാല്‍ പന്തിന് സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കുമിത്.

പന്തിനെ ഉള്‍പ്പെടുത്തിയാല്‍ ഏത് പൊസിഷനില്‍ ബാറ്റിംഗിനിറക്കും എന്നതും ടീം മാനേജ്മെന്റിനെ കുഴക്കുന്ന ചോദ്യമാണ്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി വിജയ് ശങ്കര്‍ ടീമില്‍ തുടരും. എം എസ് ധോണിയും കേദാര്‍ ജാദവും ടീമിലുണ്ടാകുമെന്നുറപ്പ്.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികവ് കാട്ടുന്ന രവീന്ദ്ര ജഡേജയെയും തഴയാനുള്ള സാധ്യത വിരളമാണ്. ജഡേജയെ ഒഴിവാക്കിയാല്‍ യുസ്‌വേന്ദ്ര ചാഹലിന് അന്തിമ ഇലവനില്‍ അവസരമൊരുങ്ങും. ജഡേജ തുടര്‍ന്നാല്‍ കുല്‍ദീപിന് വിശ്രമം നല്‍കി ചാഹലിനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പേസ് ബൗളിംഗില്‍ ഷമിയും ബുംറയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും ടീമിലേക്ക് തിരിച്ചെത്തുന്ന ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കി ഷമിക്കോ ബുംറക്കോ വിശ്രമം അനുവദിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.