രാജ്കോട്ട്: ഋഷഭ് പന്തിനേറ്റ പരിക്ക് ഇന്ത്യക്ക് അനുഗ്രഹമാവുകയാണോ ?. വിക്കറ്റിന് പിന്നിലും മുന്നിലും കെ എല്‍ രാഹുലിന്റെ പ്രകടനം കണ്ട് ആരാധകര്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പ്രതിഭ തെളിയിച്ച രാഹുല്‍ വിക്കറ്റിന് പിന്നിലും തിളങ്ങിയതോടെ ഋഷഭ് പന്തിനെയും സഞ്ജു സാംസണെയും പോലുള്ള യുവതാരങ്ങളുടെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഏത് ബൗളറും വെല്ലുവിളിയാണെന്ന് മത്സരശേഷം രാഹുല്‍ പറഞ്ഞു.  കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും പന്തുകള്‍ കീപ്പ് ചെയ്യാനാണ് പലപ്പോഴും താന്‍ ഏറെ ബുദ്ധിമുട്ടിയതെന്നും രാഹുല്‍ വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായിട്ടുണ്ടെങ്കിലും അതുപോലുള്ള വെല്ലുവിളിയല്ല ഇവിടെ നേരിടേണ്ടത്. പ്രത്യേകിച്ച് കുല്‍ദീപിന്റെ വേഗമേറിയ പന്തുകള്‍ പിടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടിച്ചു.

എങ്കിലും തനിക്ക് മുന്നില്‍വരുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ എപ്പോഴും തയാറാണെന്നും രാഹുല്‍ പറഞ്ഞു. മത്സരശേഷം എന്റെ കീപ്പിംഗ് നന്നായിരുന്നുവെന്ന് കുല്‍ദീപ് യാദവും പറഞ്ഞു. കരിയറിന്റെ തുടക്കം മുതലെ ഞാന്‍ വിക്കറ്റ് കീപ്പറായിരുന്നിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എല്ലായ്പ്പോഴും ഞാന്‍ കീപ്പ് ചെയ്യാറില്ല. സമീപകാലത്ത് കര്‍ണാടകയ്ക്കായി വിക്കറ്റ് കീപ്പ് ചെയ്തത് ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഗുണകരമായെന്നും രാഹുല്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ ബാറ്റിംഗില്‍ 52 പന്തില്‍ 80 റണ്‍സടിച്ച രാഹുല്‍ കീപ്പറായി ഇറങ്ങിയപ്പോള്‍ മിന്നല്‍ സ്റ്റംപിംഗും ക്യാച്ചുകളും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.