രാജ്കോട്ട്: ആദ്യ മത്സരത്തില്‍ ഇന്ത്യയെ അടിച്ചു പറത്തിയ ഡേവിഡ് വാര്‍ണറെ ഒറ്റ കൈയില്‍ പറന്നു പിടിച്ച് മനീഷ് പാണ്ഡെ. രാജ്കോട്ട് ഏകദിനത്തില്‍ മുഹമ്മദ് ഷമിയാണ് വാര്‍ണറെ വീഴ്ത്തിയത്. മുഹമ്മദ് ഷമിയുടെ പന്ത് കവറിന് മുകളിലൂടെ പറത്താനുള്ള വാര്‍ണറുടെ ശ്രമമാണ് പാണ്ഡെയുടെ മനോഹര ക്യാച്ചില്‍ പൊലിഞ്ഞത്.

12 പന്തില്‍ 15 റണ്‍സെടുത്ത് വാര്‍ണര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോഴായിരുന്നു പാണ്ഡെ രക്ഷകനായത്. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 258 റണ്‍സടിച്ച വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് ഓസ്ട്രേലിയക്ക് 10 വിക്കറ്റിന്റെ അനായാസ ജയം സമ്മാനിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെയും വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് അടിച്ചത്. 16 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയും 42 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രേയസ് അയ്യരും(7), മനീഷ് പാണ്ഡെയും നിരാശപ്പെടുത്തി.ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു