മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം നമ്പര്‍ നോട്ടമിട്ട് ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌ന്‍. ക്വിന്‍സ്‌ലന്‍ഡിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മൂന്നോ നാലോ നമ്പറാണ് പ്രതീക്ഷിക്കുന്നത്. ക്വിന്‍സ്‌ലന്‍ഡിനായി മധ്യനിരയില്‍ കളിച്ചിട്ടുള്ളത് ഒരുപക്ഷേ, ഏകദിനത്തില്‍ എവിടെയാണ് ഇറങ്ങേണ്ടത് എന്ന് സൂചിപ്പിക്കുന്നതായും ലബുഷെയ്‌ന്‍ പറഞ്ഞതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കെതിരെ ഏകദിന അരങ്ങേറ്റത്തിനാണ് ലബുഷെയ്‌ന്‍റെ കാത്തിരിക്കുന്നത്. വിസ്മയ ഫോം തുടരുന്ന മാര്‍നസ് ലബുഷെയ്ന്‍ ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ടെസ്റ്റില്‍ മൂന്നാം നമ്പറിലാണ് ഇരുപത്തിയഞ്ചുകാരനായ താരം ബാറ്റേന്തുന്നത്. അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ചുറിയടക്കം നേടിയ ലബുഷെയന്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടിയിരുന്നു. 549 റണ്‍സുമായി പരമ്പരയില്‍ ടോപ് സ്‌കോററുമായി. കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ 896 റണ്‍സ് താരം അടിച്ചുകൂട്ടി.

അപ്പോള്‍ സ്റ്റീവ് സ്‌മിത്ത് എവിടെ?

പരിചയസമ്പന്നനായ സ്റ്റീവ് സ്‌മിത്ത് എവിടെയാണ് ബാറ്റ് ചെയ്യുക എന്ന് തനിക്കുറപ്പില്ല. ഞാന്‍ കളിക്കുന്നുണ്ടെങ്കില്‍ സ്‌മിത്തിന്‍റെ ബാറ്റിംഗ് നമ്പര്‍ ഒരു ഘടകമായിരിക്കും. ഏത് ഫോര്‍മാറ്റിലും ഏറ്റവും കടുപ്പമേറിയ എതിരാളികളാണ് ടീം ഇന്ത്യ. അതിനാല്‍ ഇന്ത്യയില്‍ ഇന്ത്യയെ നേരിടുക വലിയ വെല്ലുവിളിയായിരിക്കും, പരമ്പര ആകാംക്ഷ ജനിപ്പിക്കുന്നു. താരമെന്ന നിലയില്‍ ഏറ്റവും മികച്ച ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ആഗ്രഹം. ഇന്ത്യയില്‍ ഇന്ത്യയെ നേരിടുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നും മാര്‍നസ് ലബുഷെയ്ന്‍ വ്യക്തമാക്കി. 

ഓസീസ് സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(നായകന്‍), അഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, ആഷ്‌ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, നവ്‌ദീപ് സെയ്‌നി, ജസ്‌പ്രീത് ബുമ്ര, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി