ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന തുടക്കം. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഉസ്‌മാന്‍ ഖവാജയും അര്‍ദ്ധ സെഞ്ച്വ‌റി നേടി.

റാഞ്ചി: മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന തുടക്കം. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഉസ്‌മാന്‍ ഖവാജയും അര്‍ദ്ധ സെഞ്ച്വ‌റി നേടി. ഫിഞ്ച് 51 പന്തിലാണ് 19-ാം അര്‍ദ്ധ സെഞ്ച്വ‌റി പൂര്‍ത്തിയാക്കിയത്. ഖവാജ 56 പന്തില്‍ അമ്പതിലെത്തി. 19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 121 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. ഫിഞ്ച്(64), ഖവാജ(50) എന്നിങ്ങനെയാണ് സ്‌കോര്‍. 

റാഞ്ചിയില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും ഭുവനേശ്വര്‍കുമാറിനും അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയഫോര്‍മുല മാറ്റാന്‍ ക്യാപ്റ്റന്‍ കോലി തയാറായില്ല. ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍.

രണ്ടാം ഏകദിനം കളിച്ച ടീമില്‍ ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. കുഞ്ഞ് പിറന്നതിനാല്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയ നേഥന്‍ കോള്‍ട്ടര്‍നൈലിന് പകരം ജെ റിച്ചാര്‍ഡ്സണ്‍ ഓസീസിന്റെ അന്തിമ ഇലവനിലെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-0ന് മുമ്പിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.