സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ആദ്യ ടെസ്റ്റിനുശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയ ഓസീസിനെ കീഴടക്കാന്‍ ഇന്ത്യക്കാവുമോ എന്ന ചോദ്യം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലും വലിയ ചര്‍ച്ചാ വിഷയമായിരിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു.

കോലി മടങ്ങുമ്പോള്‍ അജിങ്ക്യാ രഹാനെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ബാറ്റ്സ്മാനെന്ന നിലയില്‍ രഹാനെയില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. കോലിയെന്ന കളിക്കാരനെയും ക്യാപ്റ്റനെയുമാണ് മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യക്ക് നഷ്ടമാവുന്നത്. കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ആരിറങ്ങുമെന്ന വലിയ ചോദ്യവും ബാക്കിയാകുന്നു. അതുപോലെ ഓപ്പണറായി ആരെ കളിപ്പിക്കുമെന്ന ചോദ്യവും നിലനില്‍ക്കുന്നു.

ആദ്യ ടെസ്റ്റിന് മുമ്പ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് പോലും വ്യക്തയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ തന്നെ പ്രധാനമാണ് പേസ് ബൗളര്‍മാരായി ആരെയൊക്കെ കളിപ്പിക്കണമെന്നതും. ഇഷാന്ത് മടങ്ങിയെത്തുമോ, അതോ യുവതാരം നവദീപ് സെയ്നി അന്തിമ ഇലവനില്‍ കളിക്കുമോ, അതോ ഉമേഷിനോ സിറാജിനോ അവസരം നല്‍കണോ, അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഏക ഡേ നൈറ്റ് ടെസ്റ്റില്‍ സ്പിന്നറായി ആരെ കളിപ്പിക്കണം എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഓസ്ട്രേലിയക്കായി ജോ ബേണ്‍സ് തന്നെ ഓപ്പണ്‍ ചെയ്യുമോ, അതോ യുവതാരം പുക്കോവ്സ്കിക്ക് അവസരം നല്‍കണോ എന്ന ചോദ്യത്തെക്കാള്‍ വലിയ ചോദ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും പോണ്ടിംഗ് പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളിലും ടി20യിലും കളിക്കുന്ന ഇന്ത്യ നാലു ടെസ്റ്റുകളും കളിക്കും. അടുത്ത മാസം 17നാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്.