ബംഗലൂരു: ഇന്ത്യക്ക് തിരിച്ചടിയായി വീണ്ടും ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ധവാന്റെ തോളിന് പരിക്കേറ്റത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്ത് ഇടുപ്പില്‍ ഇടിച്ച് പരിക്കേറ്റ ധവാന്‍ മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു.

എന്നാല്‍ പരിക്ക് ഭേദമായതോടെ നിര്‍ണായക മത്സരത്തില്‍ ധവാന്‍ ഇന്ത്യക്കായി കളിക്കാനിറങ്ങി. ഓസീസ് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റതോടെ മടങ്ങുകയും ചെയ്തു. ധവാനെ എക്സ് റേ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. എക്സ് റേ ഫലം ലഭിച്ചശേഷമെ ധവാന്റെ പരിക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാവൂ എന്നും ബിസിസിഐ പറഞ്ഞു.

ഇന്ത്യക്കായി ധവാന്‍ ബാറ്റിംഗിനിറങ്ങിയില്ല. ധവാന് പകരം കെ എല്‍ രാഹുലാണ് രോഹിത് ശര്‍മക്ക് ഒപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ധവാന് വീണ്ടും പരിക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഓസീസിനെതിരായ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോറര്‍ ധവാനായിരുന്നു.