കട്ടക്ക്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യ തിരിച്ചുവരുമെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഓസ്ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങള്‍ വെടിക്കെട്ട് പോരാട്ടങ്ങളായിരിക്കും. ഇന്ത്യ കരുത്തുറ്റ ടീമാണ്. ഒരു മോശം ദിവസം എല്ലാ ടീമിനുമുണ്ടാവും. ഇതിനുമുമ്പും ഇത്തര സാഹചര്യങ്ങളില്‍ ഇന്ത്യ തിരിച്ചുവന്നിട്ടുണ്ട്.

രണ്ട് സീസണ്‍ മുമ്പ് 2-0ന് പിന്നില്‍ നിന്നശേഷം തിരിച്ചുവന്ന ചരിത്രം ഇന്ത്യക്കുണ്ട്. വിരാട് കോലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നായിരുന്നു ആദ്യ മത്സരത്തിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഗാംഗുലിയുടെ ട്വീറ്റ്. ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

2005നുശേഷം ആദ്യമായാണ് ഇന്ത്യ നാട്ടില്‍ ഒരു ഏകദിന മത്സരം പത്തു വിക്കറ്റിന് തോല്‍ക്കുന്നത്. ഓസീസിനായി ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സെഞ്ചുറി നേടിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.