Asianet News MalayalamAsianet News Malayalam

'കലാശക്കളിയില്‍ കരുത്ത് കാട്ടിയാല്‍ കിരീടം'; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസീസും

പരിക്ക് മാറിയാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും

india vs australia third and final odi today
Author
Bengaluru, First Published Jan 19, 2020, 12:55 AM IST

ബംഗലൂരു: ഫൈനലിന് തുല്യമായ ആവേശത്തില്‍ മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങുന്നു. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ശിഖര്‍ ധവാനും ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മയും അതിവേഗം സുഖം പ്രാപിക്കുന്നതായി ബിസിസിഐ വ്യക്തമാക്കിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്. ഇരുവരും നിര്‍ണായക മൂന്നാം മത്സരത്തില്‍ കളിക്കുന്നകാര്യം ഇന്ന് മാത്രമെ ഉറപ്പാകു.

രോഹിത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു. രോഹിത്തിന്റെ ഇടതുതോളിനാണ് പരിക്കേറ്റത്. നീര്‍വീക്കമില്ലാത്തതിനാല്‍ അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞിരുന്നു.

ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്ത് ഇടുപ്പില്‍ തട്ടിയാണ് ധവാന് പരിക്കേറ്റത്. 90 പന്തില്‍ 96 റണ്‍സെടുത്ത ധവാന്‍ ഫീല്‍ഡിംഗിന് ഇറങ്ങിയതുമില്ല. ഓസീസ് ഇന്നിംഗ്സിലെ 43-ാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമിത്തില്‍ ഡൈവ് ചെയ്തപ്പോഴാണ് രോഹിത്തിന്റെ തോളിന് പരിക്കേറ്റത്.

അതേസമയം ഇരുവരും കളിച്ചില്ലെങ്കില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. കളി തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ജീവന്‍മരണപോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

പരിക്ക് മാറിയാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. രോഹിത്തിനോ ധവാനോ ആരെങ്കിലും ഒരാള്‍ക്ക് കളിക്കാനായില്ലെങ്കില്‍ കെ എല്‍ രാഹുല്‍ വീണ്ടും ഓപ്പണറായി എത്തും. ഇരുവരും പരിക്കേറ്റ് പുറത്തിരുന്നാല്‍ രാഹുലിനൊപ്പം വിരാട് കോലി ഓപ്പണറായി എത്താനുള്ള സാധ്യതയുണ്ട്.

രാഹുല്‍ ഓപ്പണറായാലും ഇല്ലെങ്കിലും വണ്‍ ഡൗണില്‍ കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. രോഹിത്തോ ധവാനോ പുറത്തിരുന്നാല്‍ മാത്രം ആറാം നമ്പറില്‍ കേദാര്‍ ജാദവിന് അവസരം ഒരുങ്ങും. ഏഴാമനായി രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ ബൗളര്‍മാരായി കുല്‍ദീപ് യാദവും നവദീപ് സെയ്നിലും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും തന്നെ കളിക്കും.

ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തില്‍   മത്സര ദിവസമായ ഞായറാഴ്ച മാത്രമെ അന്തിമ തീരുമാനമെടുക്കൂ എന്ന്  ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി ഒപ്പമെത്തുകയായിരുന്നു. ബംഗലൂരുവില്‍ 1.30നാണ് മത്സരം ആരംഭിക്കുക.

Follow Us:
Download App:
  • android
  • ios