വിജയ് ശങ്കറെ 44-ാം ഓവര്‍ എറിയിച്ച് അവസാന ഓവറുകള്‍ ഷമിയും ബുംറയും കൂടി എറിഞ്ഞു തീര്‍ക്കാനായിരുന്നു തന്റെ മനസിലുണ്ടായിരുന്ന പ്ലാനെന്ന് കോലി പറഞ്ഞു.

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയപ്പോള്‍ നിര്‍ണായകമായത് വിജയ് ശങ്കറിന്റെയും ജസ്പ്രീത് ബുംറയുടെയും അവസാന ഓവറുകളിലെ ബൗളിംഗ് പ്രകടനങ്ങളായിരുന്നു. അവസാന ഓവറുകളില്‍ പതിവുപോലെ ആഞ്ഞടിച്ച ബുംറ ഓസീസിനെ വിറപ്പിച്ചപ്പോള്‍ ജയത്തിലേക്ക് 11 റണ്‍സ് അകലത്തില്‍ അവസാന ഓവര്‍ എറിഞ്ഞ വിജയ് ശങ്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിജയം ഇന്ത്യയുടെ വഴിക്കാക്കി.

ആദ്യ ഓവറില്‍ 13 റണ്‍സ് വഴങ്ങിയ വിജയ് ശങ്കറെ അവസാന ഓവര്‍ എറിയിക്കാനുള്ള തീരുമാനം യഥാര്‍ത്ഥത്തില്‍ തന്റേതായിരുന്നില്ലെന്ന് വിജയശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ഇന്ത്യയുടെ അഞ്ചാം ബൗളറായ വിജയ് ശങ്കര്‍ ആദ്യ ഓവറില്‍ തന്നെ അടി വാങ്ങിയപ്പോള്‍ കേദാര്‍ ജാദവ് ആണ് എട്ട് ഓവര്‍ എറിഞ്ഞ് ആ കുറവ് നികത്തിയത്. ഈ സാഹചര്യത്തില്‍ ഷമിയുടെയും ബംറയുടെയും ഓവറുകള്‍ കഴിഞ്ഞാല്‍ അവസാന ഓവര്‍ ആരെറിയും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

വിജയ് ശങ്കറെ 44-ാം ഓവര്‍ എറിയിച്ച് അവസാന ഓവറുകള്‍ ഷമിയും ബുംറയും കൂടി എറിഞ്ഞു തീര്‍ക്കാനായിരുന്നു തന്റെ മനസിലുണ്ടായിരുന്ന പ്ലാനെന്ന് കോലി പറഞ്ഞു. എന്നാല്‍ മുന്‍നിര ബൗളര്‍മാരെക്കൊണ്ടുതന്നെ പന്തെറിയിപ്പിച്ച് അവസാന ഓവര്‍ വിജയ് ശങ്കറെ ഏല്‍പ്പിച്ചാല്‍ മതിയെന്ന് കോലിയെ ഉപദേശിച്ചത് എംഎസ് ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരുന്നു. ആ ഉപദേശം കോലി സ്വീകരിച്ചു.

ഒടുവില്‍ ധോണിയുടെയും രോഹിത്തിന്റെയും വിശ്വാസം കാത്ത വിജയ് ശങ്കര്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതോടെ വിജയപ്രതീക്ഷ കൈവിട്ട ഓസീസിന്റെ അവസാന ബാറ്റ്സ്മാന്‍ ആദം സാംപയെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ശങ്കര്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയും ചെയ്തു.