മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ വലിയൊരു നേട്ടത്തിന് തൊട്ടരികെയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ചൊവ്വാഴ്ച ഓസീസിനെതിരെ സെഞ്ചുറി നേടിയാല്‍ ഇന്ത്യ-ഓസീസ് ഏകദിന പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം കോലിയെത്തും.

 71 മത്സരങ്ങളില്‍ നിന്ന് ഒമ്പത് സെഞ്ചുറികണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന്റെ പകുതി മത്സരം മാത്രം കളിച്ച കോലി 37 മത്സരങ്ങളില്‍ എട്ട് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്താണ്. 37 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. 59 മത്സരങ്ങളില്‍ ആറ് സെഞ്ചുറിയുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് നാലാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നാല് സെഞ്ചുറി നേടിയിട്ടുള്ള വിവിഎസ് ലക്ഷ്മണ്‍ ആണ് അഞ്ചാമത്.

ഇതിന് പുറമെ ഓസീസിനെതിരെ സെഞ്ചുറി നേടിയാല്‍ സച്ചിന്റെ മറ്റൊരു റെക്കോര്‍ഡിനൊപ്പവും കോലിയെത്തും. ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമാണ് കോലിയെത്തുക. ഏകദിനത്തില്‍ 20 സെഞ്ചുറികളാണ് സച്ചിന്‍ ഇന്ത്യയില്‍ നേടിയത്. കോലിക്കാകട്ടെ നിലവില്‍ 19 സെഞ്ചുറികളുണ്ട്.

കോലിക്ക് പുറമെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചരിത്രനേട്ടത്തിന് അരികെയാണ്. 56 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 9000 റണ്‍സ് പിന്നിടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാന്‍ രോഹിത്തിനാവും. 128 റണ്‍സടിച്ചാല്‍ ഇന്ത്യ-ഓസീസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ മറികടക്കാനും രോഹിത്തിനാവും.