മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിന് വേദിയാകുന്ന മുംബൈയിലെ വാംഖഡെ പിച്ച് ബാറ്റിംഗിന് അനുകൂലം. റണ്‍മഴ പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കും മത്സരം എന്നാണ് സൂചനകള്‍. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ അടുത്തിടെ നടന്ന ടി20യായിരുന്നു വാംഖഡെയിലെ അവസാന രാജ്യാന്തര മത്സരം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സാണ് പടുത്തുയര്‍ത്തിയത്. അതിനാല്‍ തന്നെ മികച്ച സ്‌കോര്‍ വാംഖഡെയില്‍ പ്രതീക്ഷിക്കാം. 

മഴയില്ല, ഭീഷണി മറ്റൊന്ന്

ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ല എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. താപനില 21 ഡിഗ്രിക്കും 27 ഡിഗ്രിക്കും ഇടയിലായിരിക്കും എന്നാണ് പ്രവചനം. എന്നാല്‍ മഞ്ഞുവീഴ്‌ച ബൗളര്‍മാര്‍ക്ക് ചെറിയ ഭീഷണിയാവാന്‍ സാധ്യയുണ്ട്. അതിനാല്‍ വാംഖഡെയില്‍ ടോസ് നിര്‍ണായകമാകും. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. മഞ്ഞുവീഴ്‌ചയെ മറികടക്കാന്‍ നനഞ്ഞ പന്തില്‍ പരിശീലനം നടത്തിയാണ് ഓസീസ് കച്ചമുറുക്കിയത്. 

കഴിഞ്ഞ തവണ പരമ്പര കൈവിട്ടതിന്‍റെ കണക്കുതീര്‍ക്കാനാണ് ഇക്കുറി കോലിപ്പടയിറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 3-2നായിരുന്നു സന്ദര്‍ശകരുടെ വിജയം. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ ത്രിമൂര്‍ത്തികളാണ് ബാറ്റിംഗില്‍ ഓസീസിന്‍റെ കരുത്ത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും കെ എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിഗും സുശക്തം. എന്നാല്‍ മൂന്ന് ഓപ്പണര്‍മാരില്‍ ആരെയൊക്കെ ഇലവനില്‍ ഉള്‍പ്പെടുത്തും എന്നത് ഇന്ത്യക്ക് തലവേദനയാണ്. കോലി നല്‍കുന്ന സൂചനകളനുസരിച്ച് മൂന്ന് പേരും ഒരുമിച്ച് കളിച്ചാലും അത്ഭുതപ്പെടാനില്ല. 

ഓസീസ് സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(നായകന്‍), അഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, ആഷ്‌ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, നവ്‌ദീപ് സെയ്‌നി, ജസ്‌പ്രീത് ബുമ്ര, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി