ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തും മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകരുടെ ഹിറ്റ്‌മാന്‍

ദില്ലി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മൂന്ന് റെക്കോര്‍ഡ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടത്തിലെത്തും മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകരുടെ ഹിറ്റ്‌മാന്‍. 98 മത്സരങ്ങള്‍ കളിച്ച മുന്‍ നായകന്‍ എം എസ് ധോണിയെയാണ് രോഹിത് ശര്‍മ്മ മറികടക്കുക.

ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തും രോഹിത്. പാകിസ്ഥാന്‍ താരം ഷൊയ്‌ബ് മാലിക്ക്(111) ആണ് പട്ടികയില്‍ മുന്നില്‍. ഇന്നത്തെ മത്സരത്തോടെ 99 മത്സരങ്ങള്‍ കളിച്ച പാക് താരം ഷാഹിദ് അഫ്രിദിക്കൊപ്പം ഇടംപിടിക്കും(99) രോഹിത് ശര്‍മ്മ. 

സ്ഥിരം നായകന്‍ വിരാട് കോലിയെയാണ് മൂന്നാമത്തെ നേട്ടത്തില്‍ രോഹിത് ശര്‍മ്മ മറികടക്കേണ്ടത്. ദില്ലിയില്‍ എട്ട് റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തും രോഹിത്. 72 മത്സരങ്ങളില്‍ 2450 റണ്‍സാണ് കിംഗ് കോലിയുടെ സമ്പാദ്യം. രോഹിത്തിന്‍റെത് 98 മത്സരങ്ങളില്‍ 2443 റണ്‍സും.

കരിയറിലെ ചരിത്ര മത്സരത്തെ കുറിച്ച് രോഹിത് ശര്‍മ്മയുടെ പ്രതികരണമിങ്ങനെ. "2007 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച് ദീര്‍ഘകാലം ടി20 കളിക്കാനായി. ഈ യാത്രയില്‍ ഒട്ടേറെ ഉയര്‍ച്ചതാഴ്‌ച്ചകളുണ്ടായി. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ടി20 ക്രിക്കറ്റില്‍ ഏറെക്കാര്യങ്ങള്‍ പഠിക്കാനായി. ടീമിലേക്ക് യുവ താരമായി എത്തുമ്പോള്‍ കാര്യങ്ങള്‍ പഠിക്കാന്‍ മാത്രമായിരുന്നു ശ്രമം. എന്നാല്‍ ഉയര്‍ച്ചതാഴ്‌ച്ചകള്‍ക്ക് ശേഷം ഞാന്‍ കരുത്താനായ താരമായി. ടി20 ക്രിക്കറ്റിനെ ആഴത്തില്‍ മനസിലാക്കി" എന്നും രോഹിത് പറഞ്ഞു. 

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.