ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കി ടീം ഇന്ത്യ.

പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ക്രുനാല്‍ പാണ്ഡ്യക്കും പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും അരങ്ങേറ്റത്തിന് അവസരം നല്‍കി ടീം ഇന്ത്യ. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. റിഷഭ് പന്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 

ഇന്ത്യക്കായി 18 ടി20കള്‍ കളിച്ചിട്ടുള്ള ക്രുനാലിന് ഏകദിന ടീമില്‍ അവസരം ലഭിക്കുന്നത് ഇതാദ്യമാണ്. അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ട്രോഫിയില്‍ ബറോഡയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. വിജയ് ഹസാരേയില്‍ കര്‍ണാടകയ്‌ക്കായി ഏഴ് മത്സരങ്ങളില്‍ 14 വിക്കറ്റ് നേടിയത് പ്രസിദ്ധിനും തുണയായി. എന്നാല്‍ ഏകദിന അരങ്ങേറ്റത്തിന് സൂര്യകുമാര്‍ യാദവിന് കാത്തിരിക്കണം. 

ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. അതേസമയം ഇന്ത്യൻ പര്യടനത്തിൽ ഒരു ട്രോഫിയെങ്കിലും നേടി മാനംകാക്കുക ഇംഗ്ലണ്ട് ലക്ഷ്യമിടുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഒരു മത്സരത്തിലും കാണികള്‍ക്ക് പ്രവേശനമില്ല. പുനെയിലേത് റണ്ണൊഴുകുന്ന പിച്ചാണ് എന്നതാണ് ചരിത്രം. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.