പ്ലേയിംഗ് ഇലവനെക്കുറിച്ച് ഇന്ത്യ തല പുകയ്ക്കുമ്പോള്‍ ഒരു ദിവസം മുമ്പെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഒരടി മുന്നിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്.

നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് നാഗ്പൂരില്‍ തുടക്കമാകും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ന് നാഗ്പൂര്‍ വേദിയാവുന്നത്. പകല്‍-രാത്രിയായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് ആരംഭിക്കും. ടി20 പരമ്പര ആധികാരികമായി ജയിച്ചാണ് ഇന്ത്യ ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. ടി20 പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാനാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യക്കെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ജോ റൂട്ടിന്‍റെ മടങ്ങിവരവാണ് ഇംഗ്ലണ്ട് ഏകദിന ടീമിലെ പ്രധാന മാറ്റം.

പ്ലേയിംഗ് ഇലവനെക്കുറിച്ച് ഇന്ത്യ തല പുകയ്ക്കുമ്പോള്‍ ഒരു ദിവസം മുമ്പെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഒരടി മുന്നിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ഓപ്പണര്‍മാകായി ഇറങ്ങുമ്പോള്‍ ജോ റൂട്ടും ഹാരി ബ്രൂക്കും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബേഥലും അടങ്ങുന്നതാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ് എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് നിരയിലുള്ളത്.

രാഹുലും വരുണുമില്ല, ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന് സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ

മറുവശത്ത് പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. പ്രധാനമായും വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരണോ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് റിഷഭ് പന്തിന് അവസരം നല്‍കണോ എന്നതാണ് ഇന്ത്യയെ കുഴക്കുന്നത്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി ഇന്ന് പ്ലേയിംഗ് ഇലവനില്‍ അരങ്ങേറുമെന്നാണ് കരുതുന്നത്.

മത്സരസമയം, കാണാനുള്ള വഴികള്‍

ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ഹോട്‌‌സ്റ്റാറിലും മത്സരം തത്മയം കാണാനാകും.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക