നാഗ്പൂരിലെ പിച്ച് പരമ്പരാഗതമായി ബാറ്റിംഗിനെ തുണക്കുന്നതാണെങ്കിലും ചുവന്ന കളിമണ്ണുകൊണ്ടുള്ള പിച്ച് സ്പിന്നര്‍മാരെയും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് നാഗ്പൂരില്‍ തുടക്കമാകും. ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. 2023ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യ നാട്ടില്‍ ഏകദിന മത്സരം കളിക്കുന്നത്. ടി20 പരമ്പരയില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇംഗ്ലണ്ടിനെ വാരിക്കളഞ്ഞ ഇന്ത്യ ഏകദിന പരമ്പരയിലും അതേ തന്ത്രമാണോ പ്രയോഗിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നാഗ്പൂരിലെ പിച്ച് പരമ്പരാഗതമായി ബാറ്റിംഗിനെ തുണക്കുന്നതാണെങ്കിലും ചുവന്ന കളിമണ്ണുകൊണ്ടുള്ള പിച്ച് സ്പിന്നര്‍മാരെയും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍ക്കൊള്ളിച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക എന്നാണ് സൂചന. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടൺ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യൻ ടീമിലെ സ്പിന്നര്‍മാര്‍. ഇവരില്‍ മൂന്ന് പേര്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. ഇതില്‍ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
മികച്ച ബൗണ്‍സ് പ്രതീക്ഷിക്കുന്ന പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്കും ചെറിയ ആനുകൂല്യം ലഭിക്കും. 280-300 റണ്‍സാണ് നാഗ്പൂരിലെ ശരാശരി ടീം സ്കോര്‍. രാത്രിയിലെ മഞ്ഞുവീഴ്ച വലിയ പ്രശ്നമാകില്ലെങ്കിലും ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. നാഗ്പൂരില്‍ ഇതുവരെ നടന്ന ഒമ്പത് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവര്‍ നാലു തവണയും രണ്ടാമത് ബാറ്റ് ചെയ്തവര്‍ നാലു തവണയും ജയിച്ചു. 2019ലാണ് നാഗ്പൂര്‍ അവസാനം ഏകദിന മത്സരത്തിന് വേദിയായത്. അന്ന് വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 250 റണ്‍സസിലേറെ അടിച്ചപ്പോള്‍ മത്സരം ഇന്ത്യ എട്ട് റണ്‍സിന് ജയിച്ചു.
2009ല്‍ ഓസട്രേലിയക്കെതിരെ ഇന്ത്യ നേടിയ 354-7 ആണ് നാഗ്പൂരിലെ ഉയര്‍ന്ന ടീം സ്കോര്‍. 2011ലെ ഏകദിന ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ കാനഡ 123 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഏറ്റവും ചെറിയ ടീം സ്കോര്‍. സ്പിന്നിനെ തുണക്കുന്ന പിച്ചാണെങ്കിലും നാഗ്പൂരിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ഒരു പേസറുടെ പേരിലാണ്. 50 റണ്‍സ് വഴങ്ങഇ അഞ്ച് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിനിന്‍റെ പേരില്‍. നാഗ്പൂരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളതും പേസറാണ്. മൂന്ന് കളികളില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഓസ്ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍.
