4,4,0,6,4,4, പവർ പ്ലേ പവറാക്കി സഞ്ജു വീണു, പിന്നാലെ സൂര്യയും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഗുസ് അറ്റ്കിന്‍സൺ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും നാലു ഫോറും അടക്കം 22 റണ്‍സടിച്ച സഞ്ജു തുടക്കം ഗംഭീരമാക്കി.

India vs England, 1st T20I - Live Updates, India Loss Sanju Samson and Suryakumar Yadav's Wicket in Power Play

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 133 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 45 റണ്‍സുമായി അഭിഷേക് ശര്‍മയും ആറ് പന്തില്‍ ഏഴ് റണ്‍സോടെ തിലക് വര്‍മയുമാണ് ക്രീസില്‍. സഞ്ജു സാംസണിന്‍റെയും(20 പന്തില്‍ 26), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെയും(0) വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ ഇരുവരെയും പുറത്താക്കിയ ജോഫ്ര ആര്‍ച്ചറാണ് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്.

വെടിക്കെട്ട് തുടക്കം

ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ സഞ്ജുവിനെ ക്രീസില്‍ പൂട്ടിയിട്ടു. ആര്‍ച്ചർ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാല്‍ ഗുസ് അറ്റ്കിന്‍സൺ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും നാലു ഫോറും അടക്കം 22 റണ്‍സടിച്ച സഞ്ജു തുടക്കം ഗംഭീരമാക്കി. ജോഫ്ര ആര്‍ച്ചറെ സിക്സിനും ഫോറിനും പറത്തിയ അഭിഷേക് ശര്‍മയും സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ മൂന്നോവറില്‍ 33 റണ്‍സിലെത്തി. എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പേസിന് മുന്നില്‍ സഞ്ജു പതറി.

ജോഫ്ര ആര്‍ച്ചറുടെ ആടുത്ത ഓവറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് ബൗണ്ടറിയില്‍ അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. 20 പന്തില്‍ 26 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. രണ്ട് പന്തുകള്‍ക്ക് ശേഷം മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിനെകൂടി മടക്കിയ ആര്‍ച്ചര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും മാര്‍ക്ക് വുഡ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവരില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സടിച്ച അഭിഷേക് ശര്‍മ പവര്‍പ്ലേ പവറാക്കി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍ക്ക് പുറമെ 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios