Asianet News MalayalamAsianet News Malayalam

ബാസ്ബോളിന് മറുപടി 'ജയ്സ്‌ബാൾ', ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, വെടിക്കെട്ട് ഫിഫ്റ്റിയുമായി യശസ്വി; രോഹിത്തിന് നിരാശ

ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ആവേശത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മറുപടി ജയ്സ്വാളിലൂടെയായിരുന്നു. ഇംഗ്ലണ്ട് പേസര്‍ രണ്ടോവര്‍ മാത്രം പന്തെറിഞ്ഞപ്പോള്‍ സ്പിന്നര്‍മാരായ ടോം ഹാര്‍ട്‌ലിയും ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ട് ബൗളിംഗ് നയിച്ചത്.

India vs England 1st Test Live Updates, Yashasvi Jaiswal hits 50, Rohit Sharma disppoints again
Author
First Published Jan 25, 2024, 4:55 PM IST

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 70 പന്തില്‍ 76 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാളും 14 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 27 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജാക് ലീച്ചിനെതിരെ സിക്സിന് ശ്രമിച്ച രോഹിതിനെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് കൈയിലൊതുക്കി. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനി 127 റണ്‍സ് കൂടി മതി.

ബാസ്ബോളിന് ഇന്ത്യൻ മറുപടി

ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ആവേശത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മറുപടി ജയ്സ്വാളിലൂടെയായിരുന്നു. ഇംഗ്ലണ്ട് പേസര്‍ രണ്ടോവര്‍ മാത്രം പന്തെറിഞ്ഞപ്പോള്‍ സ്പിന്നര്‍മാരായ ടോം ഹാര്‍ട്‌ലിയും ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ട് ബൗളിംഗ് നയിച്ചത്. സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട യശസ്വി തുടര്‍ച്ചയായി ബൗണ്ടറികള്‍ പറത്തി 47 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ വെടിക്കെട്ട് ഫിഫ്റ്റി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രോഹിത്തും യശസ്വിയും ചേര്‍ന്ന് ഏഴാം ഓവറില്‍ ഇന്ത്യയെ 50 കടത്തി. യശസ്വിക്ക് പിന്തുണ നല്‍കിയ രോഹിത് മൂന്ന് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അമിതാവേശത്തില്‍ വീണു. 13-ാം ഓവറില്‍ ജാക്ക് ലീച്ചിനെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്സിന് പറത്താന്‍ ശ്രമിച്ചാണ് രോഹിത് മടങ്ങിയത്.

തഴഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫറാസ് ഖാന്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വെടിക്കെട്ട് സെഞ്ചുറി

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്. 88 പന്തില്‍ 70 റണ്‍സടിച്ച സ്റ്റോക്സിനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടത്. സ്റ്റോക്സിന് പുറമെ 37 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും മാത്രമെ ഇംഗ്ലണ്ട് നിരയില്‍ പൊരുതിയുള്ളു. ഇന്ത്യക്കായി ജഡേജയും അശ്വിനും മൂന്നു വീതം വിക്കറ്റെടുത്തപ്പോള്‍ അക്സറും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാസ്ബോള്‍ തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്. എന്നാല്‍ പേസര്‍മാര്‍ക്ക് പിന്തുണയൊന്നും കിട്ടാതിരുന്നതോടെ ഒമ്പതാം ഓവറില്‍ ഇരുവശത്തും സ്പിന്നര്‍മാരെ പന്തെറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിയോഗിച്ചതോടെയാണ് കളി മാറിയത്. വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലിയിലായിരുന്ന ഇംഗ്ലണ്ടിന് അടുത്ത അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ബാസ്ബോളിന്‍റെ കാറ്റൂരി ഇന്ത്യൻ സ്പിൻത്രയം, ഹൈദരാബ്ദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച; വീഴാതെ സ്റ്റോക്സ്

ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും ലഞ്ചിനുശേഷം ജോണി ബെയര്‍സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കി അക്സര്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ജോ റൂട്ടിനെ(29) ബുമ്രയുടെ കൈകളിലെത്തിച്ച് ജഡേജ ഇംഗ്സണ്ടിന്‍റെ നടുവൊടിച്ചു. ബെന്‍ ഫോക്സിനെ(4) അക്സറും റെഹാന്‍ അഹമ്മദിനെ(13) ബുമ്രയും മടക്കിയതോടെ 155-7ലേക്ക് വീണ ഇംഗ്ലണ്ടിനെ വാലറ്റക്കാരായ ടോം ഹാര്‍ട്‌ലിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നടത്തിയ പോരാട്ടമാണ് 200 കടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios