Asianet News MalayalamAsianet News Malayalam

തഴഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫറാസ് ഖാന്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വെടിക്കെട്ട് സെഞ്ചുറി

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് 152 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ എ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെടുത്തു.

Sarfaraz Khan  hits another ton, after Indian team Snub
Author
First Published Jan 25, 2024, 3:55 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ പകരക്കാരനായി സീനിയര്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കണക്കു തീര്‍ത്ത് യുവതാരം സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ സര്‍ഫറാസിന്‍റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ എ ശക്തമായ നിലയിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് 152 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ എ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 126 പന്തില്‍ 105 റണ്‍സെടുത്തപ്പോള്‍ നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ സര്‍ഫറാസ് 89 പന്തില്‍ സെഞ്ചുറിയിലെത്തി. 160 പന്തില്‍ 161 റണ്‍സടിച്ച സര്‍ഫറാസ് 15 ഫോറും അഞ്ച് സിക്സും പറത്തി. ഇന്ത്യ എക്കായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 58 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 57 റണ്‍സടിച്ചു.

ബാസ്ബോളിന്‍റെ കാറ്റൂരി ഇന്ത്യൻ സ്പിൻത്രയം, ഹൈദരാബ്ദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച; വീഴാതെ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് വിരാട് കോലി അവസാന നിമിഷം പിന്‍മാറിയപ്പോള്‍ പകരം ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയ സര്‍ഫറാസ് ടീമിലെത്തുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍ഫറാസിന് പകരം രജത് പാടീദാറിനാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരങ്ങളിലൊരാളായിട്ടും സെലക്ടര്‍മാര്‍ സര്‍ഫറാസിനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെതിരെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അടക്കം രംഗത്തുവരികയും ചെയ്തിരുന്നു.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് ഒന്നാം ഇന്നിംഗ്സില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായിരന്നു.48 റണ്‍സെടുത്ത ഒലിവര്‍ പ്രൈസാണ് ഇംഗ്ലണ്ട് ലയണ്‍സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യ എക്കായി ആകാശ്ദീപ് നാലു വിക്കറ്റെടുത്തപ്പോള്‍ യാഷ് ദയാലും വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios