പരിചയസമ്പന്നരായ രോഹിത് ശർമ്മയും വിരാട് കോലിയും പുറത്തായത് ഇംഗ്ലീഷ് താരങ്ങളുടെ വണ്ടർ ക്യാച്ചുകളില്‍

എഡ്‍ജ്‍ബാസ്റ്റണ്‍: പുതിയ ഓപ്പണിംഗ് സഖ്യമായരോഹിത് ശർമ്മയും(Rohit Sharma), റിഷഭ് പന്തും(Rishabh Pant) തുടക്കത്തിലെ അടി തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍(ENG vs IND 2nd T20I) ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. എന്നാല്‍ വൈകാതെ അരങ്ങേറ്റക്കാരന്‍ റിച്ചാർഡ് ഗ്ലീസന്‍റെ(Richard Gleeson) മുന്നില്‍ മുന്‍നിര തകർന്ന് ഇന്ത്യ പ്രതിരോധത്തിലായി. പരിചയസമ്പന്നരായ രോഹിത് ശർമ്മയും വിരാട് കോലിയും(Virat Kohli) പുറത്തായത് ഇംഗ്ലീഷ് താരങ്ങളുടെ വണ്ടർ ക്യാച്ചുകളിലും. 

ഇന്ത്യന്‍ ഇന്നിംഗ്സിലെ അഞ്ചാം ഓവറിലായിരുന്നു അരങ്ങേറ്റ താരമായ റിച്ചാർഡ് ഗ്ലീസന് ആദ്യ വിക്കറ്റ് ലഭിച്ചത്. അറ്റാക്കിംഗ് മോഡിലായിരുന്ന ഓപ്പണറും നായകനുമായ രോഹിത് ശർമ്മ അഞ്ചാം പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‍ലറുടെ ലോകോത്തര പറക്കും ക്യാച്ചില്‍ പുറത്തായി. ബോള്‍ ബട്‍ലറുടെ തലയ്ക്ക് മുകളിലൂടെ പറന്നപ്പോള്‍ പിന്നോട്ടോടി സാഹസികമായി ക്യാച്ചെടുക്കുകയായിരുന്നു താരം. രോഹിത്തിന്‍റെ സ്കോർ 20 പന്തില്‍ 31. ഹിറ്റ്മാന്‍ മൂന്ന് ഫോറും രണ്ട് സിക്സറും നേടി. ഗ്ലീസന്‍റെ ആദ്യ രാജ്യാന്തര ടി20 വിക്കറ്റായിരുന്നു ഇത്. 

Scroll to load tweet…

ഒരോവറിന്‍റെ ഇടവേളയില്‍ പന്ത് ചെയ്യാനെത്തിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ കിംഗ് കോലിയും ഗ്ലീസന് മുന്നില്‍ കീഴടങ്ങി. കൂറ്റനടിക്ക് ശ്രമിച്ച് കോലി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കോലിയുടെ ടോപ് എഡ്‍ജില്‍ ബാക്ക്‍വേഡ് പോയിന്‍റിലേക്ക് ഓടി ഇത്തവണ ഡേവിഡ് മലാന്‍ പറക്കും ക്യാച്ചെടുത്തു. തേഡ് മാനില്‍ നിന്ന് ഫീല്‍ഡർ ഓടിവരുന്നത് വകവെക്കാതെയായിരുന്നു മലാന്‍റെ പറക്കല്‍. ഒരിക്കല്‍ കൂടി ബാറ്റിംഗ് പരാജയമായ കോലിക്ക് നേടാനായത് മൂന്ന് പന്തില്‍ 1 റണ്‍ മാത്രം. തൊട്ടടുത്ത പന്തില്‍ റിഷഭ് പന്തിനെ(15 പന്തില്‍ 26) ബട്‍ലറുടെ കൈകളില്‍ എത്തിക്കുക കൂടി ചെയ്തു റിച്ചാർഡ് ഗ്ലീസന്‍. ഇതോടെ ഇന്ത്യ 49-1 എന്ന ശക്തമായ നിലയില്‍ നിന്ന് 61-3ലേക്ക് കൂപ്പുകുത്തി.

Scroll to load tweet…

ENG vs IND : പുത്തന്‍ ഓപ്പണിംഗ് സഖ്യം പൊരിഞ്ഞ അടി; ഇന്ത്യക്ക് തീപ്പൊരി തുടക്കം