ടെസ്റ്റിന്‍റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുണ്ടായിരുന്നെങ്കിലും നാാലം ദിനം ഇന്ത്യയുടെ റണ്‍മഴക്കാണ് എഡ്ജ്ബാസ്റ്റൺ സാക്ഷ്യം വഹിച്ചത്.
ബര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനത്തിലെ കളിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് മുന്നില്‍ 536 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യമാണ് മുന്നിലുള്ളത്. 24 റണ്‍സുമായി ഒല്ലി പോപ്പും 15 റണ്‍സോടെ ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ബാസ്ബോള്‍ കളിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ജയിക്കുമോ അതോ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി.
ടെസ്റ്റിന്‍റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുണ്ടായിരുന്നെങ്കിലും നാലാം ദിനം ഇന്ത്യയുടെ റണ്‍മഴക്കാണ് എഡ്ജ്ബാസ്റ്റൺ സാക്ഷ്യം വഹിച്ചത്. അവസാന ദിനത്തിലെ കാലാവസ്ഥ ഇന്ത്യയുടെ വിജയ സാധ്യതകളെ ബാധിക്കുമോ എന്നാണ് ആകാംക്ഷ. അവസാന ദിനം 90 ഓവറുകളില്‍ 536 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണ്. പ്രത്യേകിച്ച് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തില്‍. മഴ കളി തടസപ്പെടുത്തിയാല്‍ പക്ഷെ ഓവറുകള്‍ നഷ്ടമാകുകയും ഇംഗ്ലണ്ടിന് സമനില പിടിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
അവസാന ദിനം മത്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് വരെ ബര്‍മിംഗ്ഹാമില്‍ മഴ പെയ്യുമെന്നാണ് വെതര്‍ ഡോട്ട് കോമിന്‍റെ പ്രവചനം. മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 ന് മഴയുണ്ടാകില്ലെന്നാണ് വെതര്‍ ഡോട്ട് കോമിന്‍റെ കാലവസ്ഥാ പ്രവചനമെങ്കിലും മറ്റ് ചില കാലാവസ്ഥാ വെബ്സൈറ്റുകള്‍ പ്രവചിക്കുന്നത് പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി വരെ മഴ പെയ്യുമെന്നാണ്. അങ്ങനെ വന്നാല്‍ ആദ്യ സെഷന്‍ പൂര്‍ണമായും മഴ കൊണ്ടുപോകും. ഇന്ത്യയുടെ വിജയസാധ്യതകളെ ഇത് ബാധിക്കുകയും ചെയ്യും.
മൂടിക്കെട്ടിയ അന്തരീക്ഷവും മത്സരത്തിന് തൊട്ടു മുമ്പ് വരെ മഴ പെയ്യുന്നതും പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് സഹായം കിട്ടാന്‍ കാരണമാകുമെന്ന ആശങ്ക ഇംഗ്ലണ്ടിനുമുണ്ട്. ആദ്യ നാലു ദിവസങ്ങളിലും ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ നിന്ന് അവസാന ദിവസം ഇന്ത്യൻ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടേണ്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്ന ഷൊയ്ബ് ബഷീറിന്‍റെ പന്തിലാണ് ശുഭ്മാന്‍ ഗില്‍ പുറത്തായത്.


