Asianet News MalayalamAsianet News Malayalam

ലീഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു, പ്രതീക്ഷയായി പൂജാരയും കോലിയും

പൂജാര നല്‍കിയ പിന്തുണയില്‍ ബാറ്റ് ചെയ്ത കോലി പരമ്പരയിലാദ്യമായി ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയായി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോലി-പൂജാര സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope
Author
Leeds, First Published Aug 27, 2021, 11:08 PM IST

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 78 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ 354 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ക്രീസ് വിട്ടത്. 45 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 91 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ക്രീസില്‍. എട്ടുവിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 139 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.

പൊരുതി വീണ് രോഹിത്, പോരാട്ടം തുടര്‍ന്ന് പൂജാരയും കോലിയും

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope

റണ്‍മല കയറ്റത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ കെ എല്‍ രാഹുലിനെ നഷ്ടമായി. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍‌സ്റ്റോ പറന്നുപിടിക്കുകയായിരുന്നു. വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയാണോ മുന്നിലെന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചുനില്‍ക്കെ രണ്ടാം സെഷനില്‍ പതിവ് പ്രതിരോധം വിട്ട് പൂജാര ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്.

ഒരു ഘട്ടത്തില്‍ രോഹിത്തിനെക്കാള്‍ ആക്രമിച്ചു കളിച്ച പൂജാര ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ എറിഞ്ഞിട്ട ജെയിംസ് ആന്‍ഡേഴ്സണെതിരെ തുടര്‍ച്ചയായി ബൗണ്ടറികളും നേടി. ഇതിനിടെ രോഹിത്ത് റോബിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നല്‍ കുടുങ്ങിയെങ്കിലും റിവ്യൂ എടുക്കാന്‍ ഇംഗ്ലണ്ട് വൈകിയതിനാല്‍ ഔട്ടാവാതെ രക്ഷപ്പെട്ടു.

ചായക്ക് പിന്നാലെ രോഹിത് വീണു, വന്‍മതിലായി പൂജാര

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope

മൂന്നാം ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചുനിന്ന രോഹിത്തും പൂജാരയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ചായക്കുശേഷമുള്ള ആദ്യ ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. അമ്പയറുടെ തീരുമാനം രോഹിത് റിവ്യു ചെയ്തെങ്കിലും രക്ഷയുണ്ടായില്ല. പൂജാരക്കൊപ്പം രണ്ടാം വിക്കറ്റില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടയര്‍ത്തി 59 റണ്‍സെടുത്ത് രോഹിത് മടങ്ങിയതോടെ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തി.

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope

പൂജാര നല്‍കിയ പിന്തുണയില്‍ ബാറ്റ് ചെയ്ത കോലി പരമ്പരയിലാദ്യമായി ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയായി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോലി-പൂജാര സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പതിവ് പ്രതിരോധം വിട്ട് ആക്രമിച്ചു കളിച്ച പൂജാര 181 പന്തില്‍ 15 ബൗണ്ടറികളോടെ 91 റണ്‍സിലെത്തിയപ്പോള്‍ 94 പന്തില്‍ ആറ് ബൗണ്ടറികള്‍ നേടിയാണ് കോലി 45 റണ്‍സിലെത്തിയത്. ഇംഗ്ലണ്ടിനായി ഓലി റൊബിന്‍സണും ക്രെയ്ഗ് ഓവര്‍ടണും ഓരോ വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന്റെ വാലരിഞ്ഞ് ബുമ്രയും ഷമിയും

India vs England 3rd Cricket Test Day 3 Match Report, Pujara and Kohli fight give India hope

നേരത്തെ 423-8 എന്ന സ്‌കോറില്‍ മൂന്നാം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 432 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ഓവര്‍ടണെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റോബിന്‍സണെ ബുമ്ര ബൗള്‍ഡാക്കി. ഇന്ത്യക്കായി ഷമി നാലും ജഡേജ, ബുമ്ര, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ 22 ഓവര്‍ എറിഞ്ഞ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios