Asianet News MalayalamAsianet News Malayalam

പവറില്ലാതെ പവര്‍ പ്ലേ, മൂന്ന് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

ആദില്‍ റഷീദ് എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ അഞ്ച് റണ്‍സെടുത്ത് രോഹിത് ശര്‍മ തുടങ്ങിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ആദ്യ പന്തില്‍ തന്നെ രോഹിത് നല്‍കിയ അനായാസ റിട്ടേണ്‍ ക്യാച്ച് ആര്‍ച്ചര്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായേനെ.

India vs England 3rd T20I India lost both Openers cheaply
Author
Ahmedabad, First Published Mar 16, 2021, 7:33 PM IST

അഹമ്മദാബാദ്: ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ആറോവറില്‍ വിക്കറ്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ റിഷഭ് പന്തും ക്രീസില്‍. കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും ഇഷാന്‍ കിഷന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നിരാശപ്പെടുത്തി വീണ്ടും രാഹുല്‍

ആദില്‍ റഷീദ് എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ അഞ്ച് റണ്‍സെടുത്ത് രോഹിത് ശര്‍മ തുടങ്ങിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ആദ്യ പന്തില്‍ തന്നെ രോഹിത് നല്‍കിയ അനായാസ റിട്ടേണ്‍ ക്യാച്ച് ആര്‍ച്ചര്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായേനെ.

മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. അതിവേഗം കൊണ്ട് രാഹുലിനെയും രോഹിത്തിനെയും വിറപ്പിച്ച വുഡ് ഒടുവില്‍ രാഹുലിന്‍റെ(0) മിഡില്‍ സ്റ്റംപിളക്കി.

പ്രതീക്ഷ നല്‍കി കിഷനും രോഹിത്തും

വണ്‍ ഡൗണായെത്തിയെ ഇഷാന്‍ കിഷനും രോഹിത്തും ചേര്‍ന്ന് ആര്‍ച്ചറുടെയും മാര്‍ക്ക് വുഡിന്‍റെയും അതിവേഗത്തെ ഫലപ്രദമായി ചെറുത്തു സ്കോര്‍ മുന്നോട്ട് നീക്കുന്നതിനിടെ അഞ്ചാം ഓവറില്‍ വുഡിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച രോഹിത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ആര്‍ച്ചറുടെ കൈകളിലൊതുങ്ങി. 17 പന്തില്‍ 15 റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. രോഹിത് പുറത്തായതിന് പിന്നാലെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്രിസ് ജോര്‍ദ്ദാനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഈഷാന്‍ കിഷന്‍(4) ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.

ടോസില്‍ ഭാഗ്യം കൈവിട്ട് വീണ്ടും കോലി

നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പേസ് ബൗളര്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് ടീമിലെത്തി.

സൂര്യകുമാറിന്‍റെ നിര്‍ഭാഗ്യം

രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യയും ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്.

India (Playing XI): Rohit Sharma, KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

England (Playing XI): Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

 

Follow Us:
Download App:
  • android
  • ios