യശസ്വി 236 പന്തില്‍ 214 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 557 റണ്‍സ് വിജയലക്ഷ്യം.നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിനുശേഷം നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.
യശസ്വി 236 പന്തില്‍ 214 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നു. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആദ്യ സെഷനില്‍ റണ്ണൗട്ടായപ്പോള്‍ 27 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഇംഗ്ലണ്ടിനായി ജോ റൂട്ടും ടോം ഹാര്‍ട്‌ലിയും റെഹാന്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നാലാം ദിനം 196-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയെ ശുഭ്മാന്‍ ഗില്ലും നൈറ്റ് വാച്ച്മാനായ കുല്‍ദീപ് യാദവും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 65 റണ്‍സുമായി നാലാം ദിനം ക്രീസിലെത്തിയ ഗില്‍ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായി. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഗില്ലിന് ഒമ്പത് റണ്‍സകലെ നഷ്ടമായത്. ഗില്‍ പുറത്തായതോടെ ഇന്നലെ കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറി നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍ വീണ്ടും ക്രീസിലെത്തി. പിന്നാലെ കുല്‍ദീപ് യാദവ് റെഹാന്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
തിരിച്ചെത്തിയ ജയ്സ്വാള്‍ ഇന്നലെ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച യശസ്വിയും സര്‍ഫറാസും ചേര്‍ന്ന് ഇംഗ്ലണ്ട് ബൗളര്‍മാരെ കാഴ്ചക്കാരാക്കിയപ്പോള്‍ ബാസ്ബോളിന്‍റെ ചൂട് ഇംഗ്ലണ്ടും അറിഞ്ഞു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 27 ഓവറില്‍ ആറ് റണ്‍സിലേറെ ശരാശരിയില്‍ 172 റണ്‍സാണ് സര്‍ഫറാസും യശസ്വിയും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. സ്പിന്നര്‍മാരെ തുടര്‍ച്ചയായി സിക്സുകള്‍ക്ക് പറത്തിയ യശസ്വി 14 ബൗണ്ടറികളും 12 സിക്സുകളും പറത്തിയപ്പോള്‍ സര്‍ഫറാസ് ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് 68 റണ്‍സടിച്ചത്.
അതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനിടെ ടീം വിട്ട സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തുമെന്ന ആശ്വാസവാര്‍ത്തയും എത്തിയിട്ടുണ്ട്. സ്പിന്നിനെ തുണച്ചു തുടങ്ങിയ രാജ്കോട്ടിലെ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിൻ കൂടി തിരിച്ചെത്തുന്നത് ഇന്ത്യയുടെ വിജയസാധ്യത കൂട്ടുമെന്നാണ് കരുതുന്നത്.
