കുല്‍ദീപ് വീണതോടെ ഇന്ത്യയെ എളുപ്പം വീഴ്ത്താമെന്ന് ഇംഗ്ലണ്ട് കരുതിയെങ്കിലും പത്താമനായി എത്തിയ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് ജുറെലിന് കട്ട സപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഇന്ത്യ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു.
ആദ്യം കുല്‍ദീപ് പിന്നെ ആകാശ് ദീപ്
മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. വിക്കറ്റ് വീഴ്ത്താനായി ഇംഗ്ലണ്ട് ന്യൂബോളെടുത്തെങ്കിലും ഇരുവരും സിംഗിളുകളെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇന്ത്യന്‍ സ്കോര്‍ 250 കടന്നതിന് പിന്നാലെ കട്ട പ്രതിരോധവുമായി പിടിച്ചു നിന്ന കുല്‍ദീപ് ആന്‍ഡേഴ്സന്‍റെ പന്തില്‍ നിര്‍ഭാഗ്യകരമായി പുറത്തായി. ആന്‍ഡേഴ്സന്‍റെ പന്ത് പ്രതിരോധിച്ച കുല്‍ദീപിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ വിലയേറിയ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് കുല്‍ദീപ് പുറത്തായത്. 131 പന്തുകള്‍ നേരിട്ടാണ് കുല്‍ദീപ് 28 റണ്‍സടിച്ചത്.
കുല്‍ദീപ് വീണതോടെ ഇന്ത്യയെ എളുപ്പം വീഴ്ത്താമെന്ന് ഇംഗ്ലണ്ട് കരുതിയെങ്കിലും പത്താമനായി എത്തിയ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് ജുറെലിന് കട്ട സപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഇന്ത്യ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഒരു സിക്സ് അടക്കം 29 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു ആകാശ് ദീപിന്‍റെ സംഭാവന. ആകാശ് ദീപ് പുറത്തായശേഷം സിറാജിനെ ഒരറ്റത്ത് നിര്‍ത്തി സിക്സും ബൗണ്ടറിയും നേടി 90ല്‍ എത്തിയ ധ്രുവ് ജുറെല്‍ ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെയെത്തിച്ചു. ഒടുവിവല്‍ അര്‍ഹിച്ച സെഞ്ചുറിക്ക് 10 റണ്‍സകലെ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ബൗള്‍ഡായി ജുറെല്‍ പുറത്താവുമ്പോള്‍ ഇംഗ്ലണ്ടിന് 46 റണ്‍സിന്‍റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.
രണ്ടാം ദിനം ഇംഗ്ലണ്ടിനെ 353 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. യശസ്വി ജയ്‌സ്വാള്‍ (73) ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയിരുന്നു. ശുഭ്മാന്‍ ഗില്‍ (38) രജത് പാടിദാർ (17,രവീന്ദ്ര ജഡേജ(12), സര്‍ഫറാസ് ഖാൻ(14), അശ്വിന്‍ (1) എന്നിവരുടെ വിക്കറ്റകളാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ജോ റൂട്ടിന്‍റെ (പുറത്താവാതെ 122) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
