ലഞ്ചിനുശേഷം 100 കടന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ പൂജാരയെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സന്‍ ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. നാലു റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. അടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ബട്‌ലറുടെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹമേല്‍പ്പിച്ചു.
ലണ്ടന്‍: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംത്തകര്‍ച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ മഴയും വെളിച്ചക്കുറവും മൂലം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്.
57 റണ്‍സുമായി കെ എല്‍ രാഹുലും ഏഴ് റണ്ണുമായി റിഷഭ് പന്തും ക്രീസില്‍. രണ്ടാം ദിനം ലഞ്ചിനുശേഷം മഴയെത്തിയതിനെത്തുടര്‍ന്ന് കളി നിര്‍ത്തിവെച്ചു. പിന്നീട് ഒറ്റപന്തുപോലും എറിയാനാകാതെ രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 58 റണ്‍സ് പുറകിലാണ് ഇന്ത്യ.
തുടക്കത്തില്‍ എല്ലാം ഭദ്രം

രണ്ടാം ദിനം ആദ്യ മണിക്കൂറുകളില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ സ്വിംഗും ബൗണ്‍സും കണ്ടെത്തിയ പിച്ചില്‍ കരുതലോടെയാണ് രാഹുലും രോഹിത്തും തുടങ്ങിയത്. മോശം പന്തുകള്‍ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. ഭാഗ്യത്തിന്‍റെ പിന്തുണ കൂടി ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനുണ്ടായിരുന്നു. പല എഡ്ജുകളും സ്ലിപ്പിലെത്തിയില്ല. ലഞ്ചിന് തൊട്ടുമുമ്പ് രോഹിത്ിനെ നഷ്ടമായെങ്കിലും ഇന്ത്യ 97 റണ്‍സെന്ന ശക്തമായ നിലയിലെത്തിയിരുന്നു.
ലഞ്ചിന് തൊട്ടുമുമ്പുള്ള അവസാന ഓവറില്‍ രോഹിത് ശര്‍മയെ സാം കറന്‍റെ കൈകളിലെത്തിച്ച് ഒല്ലി റോബിന്‍സണ്‍ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 107 പന്തിലാണ് രോഹിത് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സെടുത്തത്.
ലഞ്ചിനുശേഷം ആന്‍ഡേഴ്സന്‍റെ ഇരട്ടപ്രഹരം, കോലി ഗോള്‍ഡന്‍ ഡക്ക്

ലഞ്ചിനുശേഷം 100 കടന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ പൂജാരയെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സന്‍ ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. നാലു റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. അടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ബട്‌ലറുടെ കൈകളിലെത്തിച്ച് ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹമേല്‍പ്പിച്ചു.
പൂജാരക്കും കോലിക്കും പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായതോടെ ഇന്ത്യ പതറി. അഞ്ചു റണ്‍സായിരുന്നു രഹാനെയുടെ സംഭാവന. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ രണ്ടും റോബിന്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
