ടോസ് നഷ്ടമായെങ്കിലും അവസാന ട്വന്‍റി 20യില്‍ വിജയിച്ചെത്തിയ ഇംഗ്ലണ്ടിന് ആദ്യം ബാറ്റ് ചെയ്യുന്നത് വലിയ പ്രശ്നമായൊന്നും തോന്നി കാണില്ല, പ്രത്യേകിച്ചും വാലറ്റം വരെ മികച്ച ബാറ്റര്‍മാരുടെ സാന്നിധ്യം ഉള്ളത് ആത്മവിശ്വാസം അത്രമേല്‍ ഉയര്‍ത്തിയിട്ടുണ്ടാകും.

ഓവല്‍: എന്തൊക്കെ ബഹളമായിരുന്നു... ജോസ് ബട്‍ലര്‍, ജോ റൂട്ട്, ബെയര്‍സ്റ്റോ എന്നിങ്ങനെ ലോക ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്മാരും ക്ലാസ് ബാറ്റര്‍മാരുടെയും നീണ്ട നിരയെ കൊണ്ട് ടീം ഇന്ത്യക്ക് മുന്നില്‍ റണ്‍മല തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ടോസ് നഷ്ടമായെങ്കിലും അവസാന ട്വന്‍റി 20യില്‍ വിജയിച്ചെത്തിയ ഇംഗ്ലണ്ടിന് ആദ്യം ബാറ്റ് ചെയ്യുന്നത് വലിയ പ്രശ്നമായൊന്നും തോന്നി കാണില്ല, പ്രത്യേകിച്ചും വാലറ്റം വരെ മികച്ച ബാറ്റര്‍മാരുടെ സാന്നിധ്യം ഉള്ളത് ആത്മവിശ്വാസം അത്രമേല്‍ ഉയര്‍ത്തിയിട്ടുണ്ടാകും.

ആ വിശ്വാസത്തിന് ബുമ്ര ചുഴലിക്കാറ്റ് വീശും വരെയേ ആയുസ് ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ ഞെട്ടലും പകപ്പും ഒന്ന് മാറിയപ്പോള്‍ വിഖ്യാത ഇംഗ്ലീഷ് ബാറ്റര്‍മാരെല്ലാം ഡ്രെസിംഗ് റൂമില്‍ തിരിച്ചെത്തികഴിഞ്ഞിരുന്നു. നാണക്കേടിന്‍റെ ഒരുപിടി റെക്കോര്‍ഡുകളും കൂടെ ജോസ് ബട്‍ലറിന്‍റെ ടീമിനെ തേടി എത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെയുള്ള ഇംഗ്ലണ്ടിന്‍റെ ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് കുറിച്ചത്. നേരത്തെ, 2006ല്‍ ജയ്പുരില്‍ 126 റണ്‍സിന് പുറത്തായതായിരുന്നു ഏറ്റവും കുഞ്ഞന്‍ സ്കോര്‍.

അന്ന് മുനാഫ് പട്ടേലും രമേഷ് പവാറും ഇര്‍ഫാന്‍ പത്താനും അടങ്ങുന്ന ബൗളിംഗ് നിരയാണ് ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്. ഇത് കൂടാതെ, ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഏറ്റവും കുറഞ്ഞ റണ്ണിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നതിനും ഓവല്‍ സാക്ഷിയായി. 1997ല്‍ കൊളംബോയില്‍ പാകിസ്ഥാന്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റ് ഇന്ത്യക്കെതിരെ നഷ്ടപ്പെടുത്തിയതായിരുന്നു മുന്‍ റെക്കോർഡ്. ആദ്യം ബാറ്റ് ചെയ്താല്‍ ഇംഗ്ലണ്ട് 400 റണ്ണടിച്ചാല്‍ പോലും അത്ഭുതപ്പെടില്ല എന്നാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ മത്സരത്തിന് മുമ്പ് പറഞ്ഞത്.

എന്നാല്‍ ഓവലില്‍ ആരാധകർ സാക്ഷിയായത് ഇംഗ്ലീഷ് ബാറ്റിംഗ് ദുരന്തത്തിനായിരുന്നു. ജസ്പ്രീത് ബുമ്ര തുടങ്ങിയത് മുഹമ്മദ് ഷമി ഫിനിഷ് ചെയ്യുകയായിരുന്നു എന്ന് പറയുന്നതാണ് ഉചിതം. പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ജസ്പ്രീത് ബുമ്ര-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ ഐതിഹാസിക ബൗളിം​ഗിന് മുന്നില്‍ 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാ ബാറ്റർമാരും കൂടാരം കയറി. ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി.