ഇന്ത്യ അണ്ടർ 19 - ഇംഗ്ലണ്ട് അണ്ടർ 19 ഒന്നാം യൂത്ത് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു.

ബെക്കന്‍ഹാം: ഇന്ത്യ അണ്ടര്‍ 19 - ഇംഗ്ലണ്ട് അണ്ടര്‍ 19 ഒന്നാം യൂത്ത് ടെസ്റ്റ് സമനിലയില്‍. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന് നഷ്ടത്തില്‍ 270 റണ്‍സെടുക്കാനാണ് സാധിച്ചത്. 112 റണ്‍സെടുത്ത ഹംസ ഷെയ്ഖാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 248ന് അവസാനിക്കുകയായിരുന്നു. വിഹാന്‍ മല്‍ഹോത്ര (63), വൈഭവ് സൂര്യവന്‍ഷി (56), ആര്‍ എസ് ആംബ്രിഷ് (53) എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ആര്‍ച്ചി വോണ്‍ ഇംഗ്ലണ്ടിന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ മകനാണ് ആര്‍ച്ചി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 540നെതിരെ ഇംഗ്ലണ്ട് 439ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഹെനില്‍ പട്ടേല്‍ മൂന്നും ആര്‍ എസ് ആംബ്രിഷ്, വൈഭവ് സൂര്യവന്‍ഷി എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. 62 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ആര്‍ച്ചി വോണ്‍ (3), ജെയ്ഡന്‍ ഡെന്‍ലി (19), റോക്കി ഫ്‌ളിന്റോഫ് (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഹംസ - ബെന്‍ മയേസ് സഖ്യം 119 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മയേസിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. തടര്‍ന്ന് ഹംസ - തോമസ് റ്യൂ സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയെങ്കിലും റാല്‍ഫി ആല്‍ബെര്‍ട്ട് (9) - ജാക്ക് ഹോം (7) സഖ്യം മത്സരം സമനിലയിലാക്കി. ഏകാന്‍ഷ് സിംഗാണ് പുറത്തായ മറ്റൊരു താരം.

നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വൈഭവ് - ആയുഷ് മാത്രെ (32) സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാല്‍ ആയുഷിനെ പുറത്താക്കി ആര്‍ച്ചി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ വിഹാന്‍, വൈഭവിനൊപ്പം 32 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോയികൊണ്ടിരിക്കെ വൈഭവും മടങ്ങി. 44 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. ആര്‍ച്ചിയുടെ പന്തില്‍ ഏകാന്‍ഷ് സിംഗിന് ക്യാച്ച്. തുടര്‍ന്നെത്തിയ മൗല്യരാജ്‌സിംഗ് ചാവ്ദയ്ക്ക് 11 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത ചാവ്ദയെ ആര്‍ച്ചി തിരിച്ചയച്ചു.

പിന്നാലെ വിഹാന്‍ മല്‍ഹോത്രയും മടങ്ങി. 85 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി. തുടര്‍ന്ന് ക്രീസിലെത്തിയ അഭിഗ്യാന്‍ കുണ്ടു (11), രാഹുല്‍ കുമാര്‍ (11), മുഹമ്മദ് ഇനാന്‍ (5), ഹെനില്‍ പട്ടേല്‍ (0), ദീപേഷ് ദേവേന്ദ്രന്‍ (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അന്‍മോല്‍ജീത് സിംഗ് (1) പുറത്താവാതെ നിന്നു. നേരത്തെ ഇംഗ്ലണ്ടിന് വേണ്ടി റോക്കി ഫ്ളിന്റോഫ് (93), ഹംസ ഷെയ്ഖ് (84), ഏകാന്‍ഷ് സിംഗ് (59), റാല്‍ഫി ആല്‍ബര്‍ട്ട് (50) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആര്‍ച്ചി വോണ്‍ (2), ജെയ്ഡന്‍ ഡെന്‍ലി (27), ബെന്‍ മയേസ് (11), തോമസ് റ്യൂ (34), ജെയിംസ് മിന്റോ (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. പിന്നീട് 90 റണ്‍സാണ് ഇന്ത്യ ഇന്നലെ കൂട്ടിചേര്‍ത്തത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ആംബ്രിഷ് നടത്തിയ പോരാട്ടാണ് സ്‌കോര്‍ 500 കടത്തിയത്.

ആംബ്രിഷിന് പുറമെ ഹെനില്‍ പട്ടേല്‍ (38), ദീപേഷ് ദേവേന്ദ്രന്‍ (4) എന്നിവരുടെ വിക്കറ്റും നഷ്ടമായി. അന്‍മോല്‍ജീത് സിംഗ് (8) പുറത്താവാതെ നിന്നു. മലയാളി താരം മുഹമ്മദ് ഇനാന്‍ 23 റണ്‍സെടുത്ത് വാലറ്റത്ത് തിളങ്ങി. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവന്‍ഷി ഹാട്രിക്ക് ഫോറോടെയാണ് തുടങ്ങിയത്. വൈഭവില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ പക്ഷെ നിരാശരായി. 13 പന്തില്‍ 14 റണ്‍സെടുത്ത വൈഭവിനെ നാലാം ഓവറില്‍ അലക്‌സ് ഗ്രീന്‍ പുറത്താക്കി.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ അയുഷ് മാത്രെയും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 115 പന്തില്‍ 102 റണ്‍സെടുത്ത ആയുഷ് മല്‍ഹോത്രയെ പുറത്താക്കി ആര്‍ച്ചി വോഗനാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെ വിഹാന്‍ മല്‍ഹോത്രയും(67), മൗല്യരാജ്‌സിംഗ് ചാവ്ഡയും(11) പുറത്തായതോടെ ഇന്ത്യ 206-4 എന്ന സ്‌കോറില്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ അഭിഗ്യാന്‍ കുണ്ടുവും(95 പന്തില്‍ 90), രാഹുല്‍ കുമാറും(81 പന്തില്‍ 85) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 385 റണ്‍സിലെത്തിച്ചു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സെഞ്ചുറിക്കരികെ കുണ്ടുവിനെയും രാഹുലിനെയും മടക്കിയ ജാക്ക് ഹോമാണ് ഇംഗ്ലണ്ട് അണ്ടര്‍ 19ന് ആശ്വസിക്കാന്‍ വക നല്‍കിയത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.

YouTube video player