സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിച്ചേക്കാവുന്ന പിച്ചിൽ പ്ലേയിംഗ് ഇലവനില്‍ അശ്വിനെ പരീക്ഷിക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. എന്നാൽ പേസര്‍മാരില്‍ ആരെ ഒഴിവാക്കുമെന്നതാണ് പ്രശ്നം.
ലഖ്നൗ: ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ലഖ്നൗവില്‍ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന മത്സരത്തിൽ ചാംപ്യന്മാരായ ഇംഗ്ലണ്ട് ആണ് എതിരാളികൾ. തുടര്‍ച്ചയായ ആറാം ജയത്തോടെ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ അവസാന നാലിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിച്ചേക്കാവുന്ന പിച്ചിൽ പ്ലേയിംഗ് ഇലവനില്‍ അശ്വിനെ പരീക്ഷിക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. എന്നാൽ പേസര്‍മാരില്‍ ആരെ ഒഴിവാക്കുമെന്നതാണ് പ്രശ്നം. ഇംഗ്ലണ്ടിനെതിരെ 2019ലെ ലോകകപ്പിലും ന്യുസീലൻഡിനെതിരെ കഴിഞ്ഞമത്സരത്തിലും 5 വിക്കറ്റുനേട്ടം സ്വന്തമാക്കിയ മുഹമ്മദ് ഷമിയെ പുറത്തിരുത്തുക എളുപ്പമായേക്കില്ല.
പ്രധാന താരങ്ങള്‍ക്ക് എല്ലാം ഒന്നിച്ച് ഫോം നഷ്ടമായതിന്‍റെ അങ്കലാപ്പിലാണ് ഇംഗ്ലണ്ട്. അഞ്ച് കളിയിൽ നായകൻ ജോസ് ബട്‍ലര്‍ ആകെ നേടിയത് 95 റൺസ്. ലോകകപ്പിൽ ഇംഗ്ലണ്ടുംഇന്ത്യയും തമ്മിലുള്ള ഒന്‍പതാം മത്സരമാണിത്. കണക്കുകളില്‍ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. നാലെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. ഒരു മത്സരം ടൈ ആയി.
2019ലെ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 31 റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് ജയിച്ചത്. 1999ലും 2003ലും ഇന്ത്യ ജയിച്ചപ്പോള്‍ പിന്നീട് 2019 വരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടമുണ്ടായിരുന്നില്ല. എന്നാല്‍ പരസ്പരം കളിച്ച ആകെ മത്സരങ്ങളില്‍ ഇന്ത്യക്കാണ് ലീഡ്. ആകെ കളിച്ച 106 മത്സരങ്ങളില്‍ ഇന്ത്യ 57ലും ഇംഗ്ലണ്ട് 44ലും ജയിച്ചപ്പോള്‍ മൂന്ന് കളികള്‍ ഫലമില്ലാതെ അവസാനിച്ചു.
ഐപിഎല്ലില്‍ ലഖ്നൗവിലെ പിച്ച് സ്പിന്നര്‍മാരെ അമിതമായി തുണക്കുന്നതായിരുന്നെങ്കില്‍ ലോകകപ്പിലും അതിന് കാര്യമായ മാറ്റമില്ല. ലോകകപ്പില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 311 റണ്‍സടിച്ചത് ലഖ്നൗവിലാണ്. അന്ന് ഓസീസ് സ്പിന്നറായ ആദം സാംപ നിറം മങ്ങിയെങ്കിലും രണ്ട് വിക്കറ്റുമായി ഗ്ലെന്‍ മാക്സ്‌വെൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും ടബ്രൈസ് ഷംസിയും രണ്ട് വിക്കറ്റ് വീതമെടുത്ത് തിളങ്ങി. പിന്നീടുള്ള മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളുണ്ടായിരുന്നതിനാല്‍ ഇന്ന് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.

