കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ടിന്‍റെ പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റും എന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദാണ് പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് വേദിയാവുകയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. അഞ്ച് ടെസ്റ്റുകളും വൈറ്റ് ബോള്‍ മത്സരങ്ങളും അടങ്ങുന്ന പരമ്പര 2021 ജനുവരി- മാര്‍ച്ച് മാസങ്ങളിലാണ് നടക്കുക. 

കൊല്‍ക്കത്ത പ്രസ് ക്ലബില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ദാദയുടെ പ്രഖ്യാപനം എന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഐപിഎല്‍ പതിമൂന്നാം സീസണിന് വേദിയാവുന്ന യുഎഇയില്‍ തന്നെയാവും ഇന്ത്യ- ഇംഗ്ലണ്ട് പര്യടനം അരങ്ങേറുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബയോ-ബബിള്‍ അടക്കമുള്ള സംവിധാനങ്ങളൊരുക്കി പരമ്പരയ്‌ക്ക് ഇന്ത്യയെ തന്നെ വേദിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. അഹമ്മദാബാദ്, ധരംശാല, കൊല്‍ക്കത്ത എന്നിവയെയാണ് ടെസ്റ്റ് വേദികളായി പരിഗണിക്കുന്നത്. 

പകരംവീട്ടുമോ കൊല്‍ക്കത്ത; എതിരാളികള്‍ ബാംഗ്ലൂര്‍, ഇന്ന് തീപാറും

എന്നാല്‍ മാസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. 'ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് മുമ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനാണ് ബിസിസിഐ മുന്‍തൂക്കം നല്‍കുന്നത്, ടീമിനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. ഐപിഎല്ലിന് തൊട്ടുപിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് വെല്ലുവിളിയാവില്ല, ഇന്ത്യന്‍ താരങ്ങള്‍ മികച്ചവരാണ്. ഉടന്‍ നടക്കുന്ന വാര്‍ഷിക പൊതു യോഗത്തില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും' എന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഐപിഎല്‍ റണ്‍‌വേട്ടക്കാരുടെ പട്ടികയിലേക്ക് ധവാനും; നേട്ടത്തിലെത്തുന്ന അഞ്ചാം താരം