ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി വിരാട് കോലി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ലണ്ടനിലെ വസതിയിലേക്ക് ക്ഷണിച്ചു.

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെയും പേസര്‍ മുഹമ്മദ് സിറാജിനെയും ലണ്ടനിലെ വസതിയിലേക്ക് ക്ഷണിച്ച് വിരാട് കോലി. ഇന്ത്യ എ ടീമുമായുള്ള ഇന്ത്യൻ ടീമിന്‍റെ പരിശീലന മത്സരം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗില്‍, പന്ത് സിറാജ് എന്നിവരെ കോലി ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. കോലിയുടെ വീട്ടിലെത്തിയ ഗില്ലും റിഷഭ് പന്തും രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്.

കൂടിക്കാഴ്ചയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താല്‍ക്കാലിക ക്യാപ്റ്റനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ സെലക്ടര്‍മാരും കോച്ച് ഗൗതം ഗംഭീറും ഇത് തള്ളിയതോടെയാണ് കോലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലിയുമായി ഏറെ അടുപ്പു പുലര്‍ത്തുന്ന മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയും ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.

Scroll to load tweet…

വിരമിക്കല്‍ പിന്‍വലിപ്പിക്കാന്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ക്യാപ്റ്റനാക്കില്ലെന്ന് ഉറപ്പായതോടെ കോലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശുഭ്മാന്‍ ഗില്ലിനെ അടുത്ത ഇന്ത്യൻ നായകനായി പ്രഖ്യാപിച്ചത്. കളിക്കളത്തിലും പുറത്തും ഗില്ലുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് കോലി. ഈ സാഹചര്യത്തില്‍ ഇവരുടെ കൂടിക്കാഴ്ചക്ക് പ്രത്യേക മാനമുണ്ട്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കിരീടം നേടിയശേഷം നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരിക്കിലും പെട്ട് നിരവധി ആരാധകര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ കോലിക്കെതിരെ ഹേറ്റ് ക്യാംപെയിന്‍ ഉയര്‍ന്നിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനോ ആശ്വസിപ്പിക്കാനോ നില്‍ക്കാതെ കോലിയും കുടുംബവും ലണ്ടനിലേക്ക് പോയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, ആദ്യ ടെസ്റ്റിനായി ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്ന് ലീഡ്സിലെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക