അടുത്ത ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. സഞ്ജുവിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ജയ്പൂര്‍: അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ. അടുത്ത ഐപിഎല്ലിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സഞ്ജുവിന്‍റെ മാനേജര്‍ ലൈക്ക് ചെയ്തതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. കഴിഞ്ഞ ആഴ്ച സഞ്ജുവും ഭാര്യ ചാരുലതയും ചേർന്ന് റോഡ് മുറിച്ചുകടക്കുന്നൊരു ചിത്രം പങ്കുവെച്ച സഞ്ജു ‘മാറാന്‍ സമയമായെന്ന്' അടിക്കുറിപ്പിട്ടിരുന്നു. റോഡിലെ മഞ്ഞവര ക്രോസ് ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു സഞ്ജു മാറാന്‍ സമയമാന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ വിടുമോ എന്ന ചര്‍ച്ചകള്‍ ആദ്യം തുടങ്ങിയത്. 

View post on Instagram

ഇതിന് പിന്നാലെയാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മാനേജര്‍ ലൈക്ക് ചെയ്തത്. ടീം വിടുന്ന കാര്യത്തില്‍ സഞ്ജുവോ രാജസ്ഥാന്‍ റോയല്‍സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചൂടേറിയ ചര്‍ച്ച നടത്തി പലവാദങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. അടുത്ത സീസണില്‍ എം എസ് ധോണി ചെന്നൈയെ നയിക്കാനുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തയതില്ല. റുതുരാജ് ഗെയ്ക്‌വാദിന്‍റെ ക്യാപ്റ്റൻസിക്ക് ചെന്നൈയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ അവസാന സ്ഥാനത്തും രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം 9 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് രാജസ്ഥാനുവേണ്ടി കളിക്കാനായത്. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായി കളിച്ചപ്പോള്‍ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ റിയാന്‍ പരാഗിനൊപ്പം യശസ്വി ജയ്സ്വാളിനും ക്യാപ്റ്റൻസി മോഹങ്ങളുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ വിടാന്‍ തയാറായേക്കുമെന്നാണ് ചില ആരാധകരുടെ വാദം. സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലെത്തിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈയിലെത്തിയതിന് ശേഷം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളിലൊന്നാകും അതെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളായ സഞ്ജുവിനെ സ്വന്തമാക്കുക ചെന്നൈക്ക് എളുപ്പമാകില്ലെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ലേലത്തിന് എത്തിയാല്‍ സഞ്ജുവിനായി ചെന്നൈക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്ത് എത്തുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 2012ല്‍ കൊല്‍ക്കത്തക്കൊപ്പമാണ് സഞ്ജു ഐപിഎല്‍ കരിയര്‍ തുടങ്ങിയതെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു പിന്നീട് രാജസ്ഥാന് വിലക്ക് വന്ന 2016ലും 2017ലും ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചു. 2018 ല്‍ വീണ്ടും രാജസ്ഥാനിലെത്തിയ സഞ്ജു പിന്നീട് മറ്റൊരു ടീമിലേക്കും പോയിട്ടില്ല. ടീമിന്‍റെ എക്കാലത്തെയും ടോപ് സ്കോററുമാണ് സഞ്ജു. 2021ല്‍ രാജസ്ഥാന്‍ ക്യാപ്റ്റനായ സഞ്ജു 2022ല്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനെ 65 മത്സരങ്ങളില്‍ നയിച്ച സഞ്ജു 33 മത്സരങ്ങളില്‍ ടീമിന് ജയം സമ്മാനിച്ചപ്പോൾ 32 എണ്ണത്തില്‍ തോറ്റു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക